Sorry, you need to enable JavaScript to visit this website.

ലീഗുമായി ഇടതുധാരണയോ, നിലപാട് വ്യക്തമാക്കി തോമസ് ഐസക്

തിരുവനന്തപുരം- മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി ഫെയ്‌സ്ബുക്കിൽ കുറിപ്പ് എഴുതിയതിന് പിറകെ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് ഡോ. തോമസ് ഐസക്. ഇടതുമുന്നണിയുമായി ലീഗ് അടുക്കുന്നുവെന്ന പ്രചാരണങ്ങളെ തുടർന്നാണ് ഇക്കാര്യത്തിൽ വീണ്ടും വിശദീകരണവുമായി തോമസ് ഐസക് രംഗത്തെത്തിയത്. പുതിയ കുറിപ്പിലും കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയ തോമസ് ഐസക് മുൻ മന്ത്രി പി.കെ അബ്ദുറബ്ബിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. 
തോമസ് ഐസകിന്റെ വാക്കുകൾ:

 പി.കെ. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് എഴുതിയ പോസ്റ്റ് ചിലർ വിവാദമാക്കിയിട്ടുണ്ട്. ഇതിന് അദ്ദേഹം തന്നെ മറുപടിയും പറഞ്ഞിട്ടുണ്ട്. മറ്റ് ഒട്ടേറെപ്പേരെക്കുറിച്ചും ജനകീയാസൂത്രണജനകീയചരിത്രം പരമ്പരയിൽ ഞാൻ എഴിതിയിട്ടുണ്ട്. ഇതിൽ മറ്റു രാഷ്ട്രീയ ഉന്നമൊന്നും അന്വേഷിക്കേണ്ടതില്ല. എ.കെ. ആന്റണിയെക്കുറിച്ചും വയലാർ രവിയെക്കുറിച്ചും ഇതുപോലെ നല്ലതേ പറഞ്ഞിട്ടുള്ളൂ. മറിച്ചൊന്നും ഇല്ലാത്തതുകൊണ്ടല്ല. പക്ഷെ ജനകീയാസൂത്രണത്തോടുള്ള അവരുടെ സഹകരണം പറയുമ്പോൾ മറിച്ചുള്ളതൊക്കെ എന്തിന് എഴുന്നള്ളിക്കണം? 
എന്നാൽ ഒരുകാര്യം വ്യക്തമാക്കട്ടെ. അന്നത്തെ ലീഗ് അല്ല ഇന്നത്തെ ലീഗ്. ഏറ്റവും നല്ല ഉദാഹരണം ലീഗ് നേതാവായ അബ്ദുറബ്ബ് പ്രതികരിച്ചുകൊണ്ടുള്ള പോസ്റ്റാണ്. ജനകീയാസൂത്രണ കാലത്ത് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തിന് ജനകീയാസൂത്രണം എന്തുവലിയ വ്യത്യാസമാണ് പ്രാദേശിക അധികാരത്തിൽ വരുത്തിയതെന്ന് അനുഭവമില്ലാത്തതുകൊണ്ടല്ല. ''ജനകീയാസൂത്രണത്തിൽ മാത്രമല്ല ഐസക്കേ,...' എന്ന പരിഹാത്തോടെയാണു തുടക്കം. പ്രതിപക്ഷത്തായിരുന്നപ്പോഴും ലീഗ് സഹകരിച്ചിട്ടുള്ള സാക്ഷരതാ പ്രസ്ഥാനത്തെക്കുറിച്ചും മറ്റും സൂചിപ്പിച്ചശേഷം പിന്നെ സിപിഎമ്മിന്റെ നേരെ ഒരു കടന്നാക്രമണമാണ്. 
ഒരു മുനപോലും ഒളിച്ചുവയ്ക്കാതെ സ്വന്തം പാർട്ടിയുടെ നേതാവിനെക്കുറിച്ച് നല്ലതുമാത്രം പറഞ്ഞ് എഴുതിയതിനോടുള്ള ഒരു ലീഗ് നേതാവിന്റെ പ്രതികരണമാണ്. പായസം വിളമ്പിവച്ചാലും അല്പം അമേദ്യവുംകൂടി കിട്ടിയേപറ്റൂ എന്നാണ് ലീഗ് നേതാവിന്റെ നിലപാട്. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം എന്നിവയോട് ലീഗ് സ്വീകരിച്ച സമീപനമെന്ത്? എക്‌സ്പ്രസ്സ് ഹൈവേക്കുവേണ്ടി വാദിച്ചവർ ഇന്ന് കെ-റെയിലിനോടു സ്വീകരിക്കുന്ന സമീപനമെന്ത്? ജമാഅത്തെ ഇസ്്‌ലാമി, എസ്ഡിപിഐ തുടങ്ങിയ തീവ്രവാദി വിഭാഗങ്ങളെക്കൂടി കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ എതിർക്കുന്ന രാഷ്ട്രീയമല്ലേ ലീഗ് ഇന്ന് കൈകാര്യം ചെയ്യുന്നത്? അതുകൊണ്ടാണ് ഞാൻ അന്നത്തെ ലീഗ് അല്ല ഇന്നത്തെ ലീഗ് എന്നുപറഞ്ഞത്. ഇതു പറയിപ്പിച്ചേ അടങ്ങൂവെന്ന വാശിക്കാരനാണ് അബ്ദുറബ്ബ്.  
എന്റെ പോസ്റ്റിന്റെ കീഴിൽ വന്ന രണ്ടു ഭാഗത്തുനിന്നും വന്ന പ്രതികരണങ്ങൾ കേരള രാഷ്ട്രീയ ശൈലയിൽ വന്നുകൊണ്ടിരിക്കുന്ന അനഭിലഷണീയമായ പ്രവണതയിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. കടകവിരുദ്ധമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുമ്പോഴും വ്യക്തിപരമായ സൗഹൃദങ്ങൾ നിലനിർത്തുക. പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ട് സംവദിക്കുക, രാഷ്ട്രീയവ്യത്യാസം മറക്കാതെ ചില വികസന കാര്യങ്ങളിലെങ്കിലും സഹകരിക്കുക. ഇതൊക്കെ കേരളത്തിൽ ശീലമായിരുന്നു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്‌കാര ചടങ്ങിൽ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു പോയത് തമിഴ്‌നാട്ടിൽ വലിയ കൗതുകവും ചർച്ചയുമായിരുന്നു. മറ്റൊരു പ്രസിദ്ധമായ വീഡിയോ ഉണ്ടല്ലോ. ആശുപത്രി കിടക്കയിൽ കിടക്കുന്ന കെ. കരുണാകരനെ കാണാൻ ഇ.കെ. നായനാർ ചെന്നതും അവിടുത്തെ തമാശകളും പൊട്ടിച്ചിരിയും. ഇതൊക്കെ അതിവേഗം കൈമോശം വന്നുകൊണ്ടിരിക്കുകയാണ്.

Latest News