ന്യൂദല്‍ഹി- യുക്രൈനും റഷ്യയ്ക്കുമിടയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം 242 യാത്രക്കാരുമായി ന്യൂദല്‍ഹിയില്‍ ഇറങ്ങി. വൈകീട്ട് ആറിന് യുക്രൈന്‍ തലസ്ഥാനമായ കീവിലെ ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എഐ 1946 വിമാനം രാത്രി 11.30ഓടെയാണ് ദല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. ഇതു കൂടാതെ വ്യാഴാഴ്ചയും ശനിയാഴ്ചയും സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
#WATCH | Air India special flight carrying around 242 passengers from Ukraine reaches Delhi pic.twitter.com/ctuW0sA7UY
— ANI (@ANI) February 22, 2022
ആവശ്യാനുസരണം മറ്റു ഇന്ത്യന്‍ വിമാന കമ്പനികളും യുക്രൈനിലേക്ക് സര്‍വീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താല്‍ക്കാലികമായ യുക്രൈന്‍ വിടണമെന്ന് ചൊവ്വാഴ്ചയും ഇന്ത്യന്‍ എംബസി മുന്നറിയിപ്പു നല്‍കിയിരുന്നു.






