ബെംഗളുരു- കര്‍ണാടകയിലെ ശിവമൊഗയില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആറു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെല്ലാവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് പറഞ്ഞു. 12ലേറെ പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ കൊലക്കേസ് പ്രതികളാണ്. മറ്റുള്ളവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലിസ് അറിയിച്ചു. 20നും 22നുമിടയില്‍ പ്രായമുള്ള ആറു പേരും ശിവമൊഗ്ഗ സ്വദേശികളാണ്. കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ജില്ലാ പോലീസ് മേധാവി ലക്ഷ്മി പ്രസാദ് പറഞ്ഞു.
വലതുപക്ഷ തീവ്രവാദ സംഘടനാ പ്രവര്‍ത്തകനായ 25കാരന്‍ ഹര്‍ഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി സംഘര്‍ഷമുണ്ടായി. ഇവിടെ നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടിയിരിക്കുകയാണ്. കാറിലെത്തിയ സംഘം ഞായറാഴ്ച രാത്രിയാണ് ഹര്‍ഷയെ കുത്തിക്കൊന്നത്. കൊലപാതകത്തിന് ഹിജാബ് വിവാദവുമായി ബന്ധമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വശങ്ങളും അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ധ്യാനേന്ദ്ര പറഞ്ഞു.






