Sorry, you need to enable JavaScript to visit this website.

ഹൂത്തി ലക്ഷ്യങ്ങള്‍ക്കു നേരെ ശക്തമായ വ്യോമാക്രമണങ്ങള്‍

റിയാദ് - ജിസാന്‍ കിംഗ് അബ്ദുല്ല എയര്‍പോര്‍ട്ടിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതിനു പിന്നാലെ യെമനില്‍ ഹൂത്തി മിലീഷ്യകളുടെ സൈനിക ലക്ഷ്യങ്ങള്‍ക്കു നേരെ സഖ്യസേന ശക്തമായ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചു. ഭീഷണി കണക്കിലെടുത്ത് അല്‍ബൈദായില്‍ ഹൂത്തികളുടെ സൈനിക ലക്ഷ്യങ്ങള്‍ വ്യോമാക്രമണങ്ങളിലൂടെ തകര്‍ത്തു. സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഹൂത്തികളെ ലക്ഷ്യമിട്ട് വ്യാപകമായ വ്യോമാക്രമണങ്ങള്‍ തുടരുമെന്നും സഖ്യസേന പറഞ്ഞു.
തിങ്കളാഴ്ച ജിസാന്‍ എയര്‍പോര്‍ട്ടിനു നേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പതിനാറു സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. നാലു പേര്‍ക്ക് പരിക്കേറ്റെന്നാണ് സഖ്യസേന ആദ്യം അറിയിച്ചത്. വിവിധ രാജ്യക്കാരായ പതിനാറു പേര്‍ക്ക് പരിക്കേറ്റതായി സഖ്യസേന പിന്നീട് അറിയിച്ചു. പരിക്കേറ്റ മൂന്നു യാത്രക്കാരുടെ നില ഗുരുതരമാണ്. സന്‍ആ എയര്‍പോര്‍ട്ടില്‍ നിന്ന് അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഹൂത്തികള്‍ പതിവാക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്ന് സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.
ജിസാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ സൈനിക നടപടിക്ക് ഒരുക്കങ്ങള്‍ നടത്തിവരികയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമങ്ങളുടെ അനന്തര ഫലം ഹൂത്തികള്‍ വഹിക്കേണ്ടിവരും. ബലപ്രയോഗത്തിന്റെയും സൈനിക നടപടിയുടെയും ഭാഷ മാത്രമേ ഹൂത്തികള്‍ക്ക് മനസ്സിലാവുകയുള്ളൂവെന്നും സഖ്യസേന പറഞ്ഞു.

 

 

Latest News