മുംബൈ- ജനാധിപത്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമെല്ലാം സ്ഥാനമുണ്ടെന്നും ഒരാള്‍ പറയുന്നതു മാത്രമാണു ശരിയെന്നു കരുതാന്‍ പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ്
സോണിയാ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റ് നടപടിക്രമങ്ങളെ മാനിച്ചിരുന്ന നേതാവായിരുന്നു എ.ബി. വാജ്‌പേയിയെന്ന് മോഡിയുമായി താരതമ്യപ്പെടുത്തി സോണിയ പറഞ്ഞു. സംസാരിക്കാന്‍ അനുവദിക്കില്ലെങ്കില്‍ പാര്‍ലമെന്റ് അടച്ചുപൂട്ടി എല്ലാവര്‍ക്കും വീട്ടില്‍ പോയിക്കൂടെയെന്ന് കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബി.ജെ.പിയുടെ അച്ഛേദിന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം സമ്മാനിച്ച മറ്റൊരു ഇന്ത്യാ ഷൈനിംഗ് ആയി മാറുമെന്ന് അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു മാറിയെങ്കിലും സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശിക്കുകയാണെങ്കില്‍ 2019-ലും റായ്ബറേലിയില്‍നിന്ന് മത്സരിക്കുമെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സ്ഥാനം മകന്‍ രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരിക്കെ, സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറുകയാണെന്ന അഭ്യൂഹമാണ് സോണിയ തിരുത്തിയിരിക്കുന്നത്. അതേസമയം, മകള്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ടു തനിക്കൊന്നും അറിയില്ലെന്ന് സോണിയ ചോദ്യത്തിനു മറുപടി നല്‍കി.
കേന്ദ്രത്തില്‍ അടുത്ത വര്‍ഷം കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തുമെന്ന് സോണിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു കാരണവശാലും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തെ വിജയിക്കാന്‍ അനുവദിക്കില്ല. തന്റെ പരിമിതികള്‍ അറിയാവുന്നതു കൊണ്ടാണ് 2004-ല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മാറി നിന്നത്. തന്നേക്കാളും മികച്ച പ്രധാനമന്ത്രിയായിരിക്കും മന്‍മോഹന്‍ സിംഗെന്ന് ഉറപ്പായിരുന്നുവെന്നും സോണിയ ചോദ്യത്തിനു മറുപടി നല്‍കി.
രണ്ടു തവണ അധികാരത്തിലെത്തിയെങ്കിലും മറ്റു ചില കാരണങ്ങള്‍ക്കൊപ്പം ഭരണവിരുദ്ധ വികാരവും 2014 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചില്ല. നരേന്ദ്ര മോഡിയുടെ കാമ്പയിന്‍ രീതികളെ മറികടക്കാന്‍ സാധിച്ചില്ലെന്നും സോണിയ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് കള്ള വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും നടപ്പാക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പറഞ്ഞു കബളിപ്പിക്കില്ലെന്നും സോണിയ പറഞ്ഞു.
മൃദു ഹിന്ദുത്വ സമീപനത്തിലേക്കു കോണ്‍ഗ്രസ് മാറിയെന്ന ആരോപണത്തെ സോണിയ തള്ളി. കോണ്‍ഗ്രസിനെ മുസ്‌ലിം പാര്‍ട്ടിയെന്നാണ് എതിരാളികള്‍ വിളിക്കുന്നത്. നേരത്തേയും ഞങ്ങള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അതാരെയും വിളിച്ചറിയിച്ചിരുന്നില്ലെന്നും രാഹുലിന്റെ ക്ഷേത്രസന്ദര്‍ശന വിവാദത്തിനുള്ള മറുപടിയായി സോണിയ പറഞ്ഞു.
ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തില്‍ സംഘടനാതലത്തില്‍ തന്നെ കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണ്. പദ്ധതികളും നയങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിലും മാറ്റം വരുത്തണം.
തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് രാഹുലിന് നല്ല ബോധ്യമുണ്ടെന്നും താന്‍ നിര്‍ദേശം നല്‍കേണ്ട കാര്യമില്ലെന്നും സോണിയ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി പാര്‍ട്ടിക്കു പുതുജീവന്‍ പകരാനുള്ള രാഹുലിന്റെ ശ്രമം എളുപ്പമല്ലെന്നും സോണിയ വിശദീകരിച്ചു. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്കു നല്‍കിയിരിക്കുന്ന സേവനങ്ങളെ മാനിച്ചുകൊണ്ടു തന്നെയായിരിക്കും രാഹുല്‍ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നും സോണിയ പറഞ്ഞു.
അമ്മൂമ്മയെ കാണാനാണു രാഹുല്‍ ഇറ്റലിയിലേക്കു പോയതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂര്‍ത്തിയാക്കിയായിരുന്നു യാത്രയെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ സമയത്ത് രാഹുല്‍ ഇറ്റലിയിലേക്കു പോയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സോണിയ മറുപടി നല്‍കി.
രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് അവര്‍ക്കെതിരെ വിവിധ കേസുകള്‍ ചുമത്തുകെയന്നത് സര്‍ക്കാരിന്റെ രീതിയായി മാറിയിരിക്കയാണെന്ന് കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റിനെപ്പറ്റിയുള്ള ചോദ്യത്തിനു സോണിയ മറുപടി നല്‍കി.
സ്ഥാനമൊഴിഞ്ഞതിനു ശേഷം ധാരാളം ഒഴിവു സമയമുണ്ടെന്ന് സോണിയ പറഞ്ഞു. സിനിമ കാണാനും പുസ്തകങ്ങള്‍ വായിക്കാനുമാണു സമയം ചെലവഴിക്കുന്നത്. ഇന്ദിരാഗാന്ധിയും രാജിവ് ഗാന്ധിയും എഴുതിയിരുന്ന കത്തുകളും പരിശോധിച്ച് ഡിജിറ്റല്‍ രേഖകളാക്കി മാറ്റന്‍ ശ്രമിക്കുകയാണെന്നും സോണിയ പറഞ്ഞു.