തുറൈഫ്- പോലീസ് കഴിഞ്ഞ എട്ടു ദിവസമായി നടത്തിയ പരിശോധനയിൽ പിടികൂടിയ 21 പേരെ അവരുടെ നാട്ടിലേക്ക് കയറ്റി അയക്കാൻ തർഹീലിലേക്ക് മാറ്റി. ഈജിപ്ത്, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് പിടികൂടി കയറ്റി വിട്ടത്. ഇതിൽ ഇഖാമ കാലാവധി കഴിഞ്ഞു പുതുക്കാൻ ശ്രമിക്കുന്നവരും വീട്ടു വേലക്കാർ, ഹൗസ് ഡ്രൈവർമാർ എന്നീ ഇഖാമയുള്ളവരും ഹുറൂബ് ആയവരും ഉണ്ട്. തുറൈഫിൽ നിന്ന് അറാറിലെ പോലീസ് കേന്ദ്രത്തിലേക്കും അവിടെ നിന്ന് റിയാദിലേക്കോ തബുക്കിലേക്കോ അയക്കും. പിന്നെ അവരവരുടെ നാടുകളിലേക്കും. പിന്നീട് അഞ്ച് വർഷം സൗദിയിലേക്ക് വരാൻ സാധിക്കില്ല. വീട്ടു വേല, ഹൗസ് ഡ്രൈവർ എന്നീ ഇഖാമയുള്ള നാല് ഈജിപ്തുകാർ കയറ്റിറക്ക് -ലോഡിങ് അൺ ലോഡിങ് തൊഴിലാളികൾ നിൽക്കുന്ന ഇബ്‌നു സീന സ്ട്രീറ്റിന്റെ ഭാഗത്ത് വല്ല ജോലിയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. അപ്പോൾ അവിചാരിതമായി പോലീസ് പുറകിലൂടെ എത്തി പരിശോധനക്ക് വിധേയമാക്കി, ഇഖാമ ഉണ്ടെങ്കിലും ജോലി മാറി ചെയ്യാൻ ശ്രമിച്ചതും വാഹനം ഓടിക്കാൻ ലൈസൻസ് ഇല്ലാത്തതുമാണ് വിനയായത്.ഇതിന് പുറമെ വർക് ഷോപ്പ് ആട് മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് മറ്റു തൊഴിലാളികളെ പിടിച്ചത്. പോലീസിന് അനധികൃത തൊഴിലാളികളെ കുറിച്ച് ചിലർ വിവരം നൽകുകയും ചെയ്യുന്നതായി സൂചനയുണ്ട്.മലയാളികൾ ഉൾപ്പെടെ അനേകം തൊഴിലാളികൾ ചിലർ തികഞ്ഞ ജാഗ്രതയിലാണ്.