Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെ.ടി ജലീല്‍

തിരുവനന്തപുരം- ലോകായുക്തയ്ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി മന്ത്രി കെ.ടി ജലീല്‍. അഭയ കേസില്‍ സിറിയക് ജോസഫ് ഇടപെട്ടിട്ടുണ്ടെന്ന് ജലീല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിയെ രക്ഷിക്കാനാണ് സിറിയക് ജോസഫ് ഇടപെട്ടതെന്നും പ്രതികളുടെ നാര്‍കോ പരിശോധനാ ലാബ് അദ്ദേഹം സന്ദര്‍ശിച്ചിരുന്നെന്നും ജലീല്‍ ആരോപിച്ചു.
നേരത്തെ ഇതേ വിഷയത്തില്‍ ജലീല്‍ ഫേസ്ബുക്കിലും കുറിപ്പിട്ടിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഈ വിഴുപ്പു ഭാണ്ഡം ഇനിയും എന്തിനു ചുമക്കണം?

സുപ്രീം കോടതി റിട്ടയേഡ് ജഡ്ജിയും ഇപ്പോഴത്തെ ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ അഭയ കേസിലെ പ്രതികളുടെ നാര്‍കോ അനാലിസിസ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ ബാഗ്ലൂരിലെ ഫോറന്‍സിക് ലാബിലെ അഡീഷണല്‍ ഡയറക്ടര്‍ ഡോ. മാലിനിയുടെ മുറിയില്‍ വെച്ച് 2008 മെയ് 24 ന് കണ്ടതിന്റെ തെളിവുകള്‍ പുറത്തു വന്നു. പ്രസ്തുത വീഡിയോ ഡോ. മാലിനി അഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ എസ്.പി നന്ദകുമാര്‍ നായര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത് സി.ബി.ഐയുടെ പക്കലും കോടതിയിലുമുണ്ട്.

മാത്രമല്ല അഭയാ കേസിലെ കുറ്റപത്രത്തിലെ തൊണ്ണൂറ്റി ഒന്നാം സാക്ഷിയായ ഡോ. എസ് മാലിനി ഈ വിവരം 2009 ഫെബ്രുവരി 6 ന് സി.ബി.ഐ ക്ക് മൊഴിയും നല്‍കിയിട്ടുണ്ട്. അഭയാ കേസിലെ പ്രതികളെ സി.ബി.ഐ അറസ്റ്റു ചെയ്തതിന്റെ 6 മാസം മുമ്പാണ് നാര്‍കോ പരിശോധന നടത്തിയതിന്റെ വീഡിയോ കാണാന്‍ സിറിയക് ജോസഫ് ബാഗ്ലൂരിലെ ലാബില്‍ എത്തിയത്.
ജസ്റ്റിസ് സിറിയക് ജോസഫ് അഭയാ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുവാണ്. ജസ്റ്റിസ് സിറിയകിന്റെ ഭാര്യയുടെ അനുജത്തിയെയാണ് കോട്ടുരിന്റെ സ്വന്തം അനുജന്‍ വിവാഹം കഴിച്ചിരിക്കുന്നത്.

1992 മാര്‍ച്ച് 27 ന് അഭയ എന്ന പാവം കന്യാസ്ത്രീ കൊല്ലപ്പെടുന്ന സമയത്ത് കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിയമിച്ച ഒന്നാം അഡീഷണല്‍ അഡ്വക്കറ്റ് ജനറലായിരുന്നു സിറിയക് ജോസഫ് (നിയമന ഉത്തരവിന്റെ കോപ്പിയാണ് ഇമേജായി കൊടുത്തിരിക്കുന്നത്).

അന്നത്തെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിള്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ വി.വി അഗസ്റ്റിന്‍ എന്നിവരെക്കൊണ്ട് തെളിവ് നശിപ്പിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കി കേസ് അട്ടിമറിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫിന്റെ സമ്മര്‍ദ്ദം തുടക്കം മുതല്‍ ഒടുക്കം വരെ ഉണ്ടായിരുന്നുവെന്ന ഗുരുതരമായ ആക്ഷേപങ്ങള്‍ പ്രതികളെ കോടതി ശിക്ഷിച്ചതിന് ശേഷം ഒന്നിനു പിറകെ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

(അവലംബം: ജോമോന്‍ പുത്തന്‍പുരക്കലിന്റെ ആത്മ കഥ)

തന്റെ അടുത്ത ബന്ധുവായ കൊലക്കേസ് പ്രതിയെ ന്യായാധിപന്‍ എന്ന അധികാരം ദുരുപയോഗം ചെയ്ത് രക്ഷിക്കാന്‍ ശ്രമിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കും ജോമോന്‍ പുത്തന്‍പുരക്കല്‍ പരാതി നല്‍കി.

നീതിയേയും സത്യത്തേയും ഇത്ര നഗ്‌നമായി മാനഭംഗപ്പെടുത്തിയ ഒരാള്‍ താനിരിക്കുന്ന സ്ഥാനത്ത് തുടരണോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക.

 

Latest News