സ്ഥലംമാറ്റം റദ്ദാക്കി, കോഴിക്കോട് കലക്ടറേറ്റിലെ സമരം അവസാനിപ്പിച്ചു

കോഴിക്കോട്- റവന്യൂ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്ന എന്‍.ജി.ഒ യൂണിയന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കോഴിക്കോട് കലക്ടറേറ്റില്‍ 11 ദിവസമായി നടന്നുവന്ന സമരം ഒത്തുതീര്‍ന്നു. സ്ഥലംമാറ്റിയ 16 വില്ലേജ് ഓഫീസര്‍മാരില്‍ 10 പേരെ തിരിച്ചുവിളിക്കുമെന്നും മൂന്ന് വര്‍ഷം തികയാത്തവരെ സ്ഥലം മാറ്റില്ലെന്നും കലക്ടര്‍ ഉറപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ സമരം ശക്തമാക്കി മുന്നോട്ടുപോവാന്‍ എന്‍.ജി.ഒ യൂണിയന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയും എന്‍.ജി.ഒ. യൂണിയന്‍ ഭാരവാഹികളും രാവിലെ നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാവുകയായിരുന്നു.

16 പേരെ സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ ആവശ്യപ്പെട്ടപ്പോള്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കലക്ടര്‍. എന്നാല്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യം കലക്ടര്‍ അംഗീകരിക്കുകയായിരുന്നു.

സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 11 ദിവസമായി എന്‍.ജി.ഒ യൂണിയന്‍ സമരത്തിലായിരുന്നു. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം മൂന്ന് വര്‍ഷമായവരെ മാത്രമേ സ്ഥലം മാറ്റാവൂ എന്നായിരുന്നു സമരക്കാരുടെ ആവശ്യം. കലക്ടറുടെ തീരുമാനത്തിന് സി.പി.ഐ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ അനുകൂലമായിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാനായിരുന്നു തിങ്കളാഴ്ച കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ചത്.

 

Latest News