ടാറ്റ-മിസ്ട്രി പോര് വീണ്ടും സുപ്രീം കോടതി പരിഗണനയില്‍

ന്യൂദല്‍ഹി- ടാറ്റ ഗ്രൂപ്പിന് അനുകൂലമായ വിധിക്കെതിരെ മുന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ട്രി നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി മാര്‍ച്ച് ഒമ്പതിന് സുപ്രീം കോടതി പരിഗണിക്കും. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കല്‍. 2016 ഒക്ടോബറില്‍ ടാറ്റ ഗ്രൂപ്പ് മേധാവി പദവിയില്‍ നിന്ന് സൈറസ് മിസ്ട്രിയെ കമ്പനി മാറ്റിയതിനെ തുടര്‍ന്നാണ് ടാറ്റ ഗ്രൂപ്പും സൈറസ് ഇന്‍വെസ്റ്റ്‌മെന്റ്‌സും തമ്മില്‍ പോര് തുടങ്ങിയത്. മിസ്ട്രിയെ മാറ്റിയ നടപടി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ സുപ്രീം കോടതി ടാറ്റ ഗ്രൂപ്പിന് അനുകൂലമായി വിധി പറഞ്ഞിരുന്നു. ഈ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മിസ്ട്രി വീണ്ടും കോടതിയെ സമീപിച്ചത്. 

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് എ എസ് ബൊപണ്ണ, ജസ്റ്റിസ് വി രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച്് ഈ പുനപ്പരിശോധനാ ഹര്‍ജി ഫെബ്രുവരി 15ന് ചേംബറില്‍ പരിഗണിച്ചിരുന്നു. സുപ്രീം കോടതി ചട്ടപ്രകാരം പുനപ്പരിശോധനാ ഹര്‍ജികള്‍ ആദ്യ സൂക്ഷ്മപരിശോധനയ്ക്കായി ചേംബറിലാണ് പരിഗണിക്കുക. ശേഷമാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുക. ഈ ബെഞ്ചില്‍ ജസ്റ്റിസ് രാമസുബ്രമണ്യന്‍ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും തള്ളിക്കളയണമെന്നും അഭിപ്രായപ്പെട്ടിരുന്നു. 

Latest News