ബ്രിട്ടനില്‍ നിന്നെത്തിച്ച 3000 ടണ്‍ മാലിന്യം ശ്രീലങ്ക തിരിച്ചയച്ചു

കൊളംബോ- ഉപയോഗിച്ച് ഉപേക്ഷിച്ച പാഴ് വസ്തുക്കളെന്ന പേരില്‍ ബ്രിട്ടനില്‍ നിന്ന് എത്തിച്ച മാലിന്യങ്ങള്‍ നിറച്ച ചരക്ക് കണ്ടെയ്‌നറുകള്‍ ശ്രീലങ്ക തിരിച്ചയച്ചു. നിയമ വിരുദ്ധമായാണ് 3000 ടണ്‍ മാലിന്യം നൂറുകണക്കിന് കണ്ടെയ്‌നറുകളിലാക്കി കൊണ്ടുവന്നതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു. ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച കിടക്കകള്‍, കാര്‍പെറ്റുകള്‍, പുതപ്പുകള്‍ എന്ന പേരിലെത്തിച്ച കണ്ടെയ്‌നറുകളില്‍ ആശുപത്രി മാലിന്യങ്ങളും മോര്‍ച്ചറി മാലിന്യങ്ങളും ശരീര ഭാഗങ്ങള്‍ വരെ ഉണ്ടായിരുന്നുവെന്ന് ശ്രീലങ്കന്‍ കസ്റ്റംസ് അധികൃതര്‍ പറയുന്നു. 2017നും 2019നുമിടയില്‍ ശ്രീലങ്കയിലെത്തിച്ചതാണിവ.

ഈ മാലിന്യങ്ങള്‍ നിറച്ച 45 കണ്ടെയ്‌നറുകള്‍ തിങ്കളാഴ്ച കൊളംബോ തുറമുഖം വിട്ടതോടെ അവസാന മാലിന്യക്കപ്പലും ശ്രീലങ്ക വിട്ടു. 3000 ടണ്‍ വരുന്ന മാലിന്യം 263 കണ്ടെയ്‌നറുകളിലായാണ് തിരിച്ചയച്ചത്. ആശുപത്രി മാലിന്യങ്ങള്‍ നിറച്ച 21 കണ്ടെയ്‌നറുകള്‍ 2020 സെപ്തംബറില്‍ ശ്രീലങ്കന്‍ അധികൃതര്‍ തിരിച്ചയച്ചിരുന്നു.

വികസിത, സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വന്‍തോതില്‍ കപ്പല്‍ മാര്‍ഗം മൂന്നാംലോക, ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റി വിടുന്ന പതിവുണ്ട്. ഇന്ത്യയുള്‍പ്പെടെ നിരവധി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഇവ എത്തുന്നുണ്ട്. ഇത്തരം മാലിന്യങ്ങള്‍ വരുന്നത് തടയാന്‍ ഈ രാജ്യങ്ങള്‍ ശ്രമങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
 

Latest News