ന്യൂദല്‍ഹി- യു.പിയിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിസ്ഥാനത്തുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കിയതിനെതിരേ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബം സുപ്രീംകോടതിയില്‍. അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. ഇതിനെതിരായാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തര്‍പ്രദേശില്‍ ഭരണമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ കേന്ദ്ര മന്ത്രിയാണ് പ്രതിയുടെ പിതാവ് എന്ന് ഹരജിയില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. കര്‍ഷകര്‍ക്ക് ഇടയിലാക്ക് വാഹനം ഓടിച്ചു കയറ്റി എന്നതാണ് ആശിഷ് മിശ്രക്കെതിരേയുള്ള പരാതി. കേസില്‍ ഇയാളെ മുഖ്യപ്രതിയാക്കി പ്രത്യേക അന്വേഷണം സംഘം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ജനക്കൂട്ടത്തില്‍ നിന്നു രക്ഷ പെടാനുള്ള വെമ്പലില്‍ ഡ്രൈവര്‍ വാഹനത്തിന്റെ വേഗം കൂട്ടിയതായിരിക്കും അപകട കാരണം എന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് ശരിയില്ലെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മാത്രമല്ല, കരുതിക്കൂട്ടി വാഹനം ഓടിച്ചു കയറ്റിയതാണെന്നു കുറ്റപത്രത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.






