യുദ്ധ ആശങ്കകൾ അവസരമാക്കി ഊഹക്കച്ചവടക്കാർ ഓഹരി വിപണികളെ അമ്മാനമാടുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും വിപണികളിൽ മാത്രമല്ല, ഏഷ്യൻ മാർക്കറ്റുകളിലും നുഴഞ്ഞു കയറി ഊഹക്കച്ചവടക്കാർ സൂചികകളെ അടിമുടി ഉഴുതുമറിച്ചു. വാരാരംഭത്തിൽ തകർത്ത ഇന്ത്യൻ മാർക്കറ്റിന് പിന്നീട് അവർ പുതുജീവൻ പകർന്നെങ്കിലും വ്യാപാരാന്ത്യം വീണ്ടും തളർന്നു. ബോംബെ സെൻസെക്‌സ് 320 പോയന്റും നിഫ്റ്റി 98 പോയന്റും നഷ്ടത്തിലാണ്.
ഉക്രൈനെ ഏത് നിമിഷവും റഷ്യ ആക്രമിക്കുമെന്ന യു.എസ് വെളിപ്പെടുത്തൽ നിക്ഷേപകരുടെ ആത്മവിശ്വാസം ചോർത്തി. ഇതിനിടയിൽ അതിർത്തിയിലെ സൈനിക അഭ്യാസങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതായുള്ള റഷ്യൻ സേനയിൽ നിന്നുള്ള റിപ്പോർട്ട് വാരമധ്യം ഓഹരി വിപണികളെ ആവേശം കൊള്ളിച്ചു. എന്നാൽ യഥാർഥത്തിൽ സ്ഥിതിഗതികളിൽ അയവ് വന്നില്ലെന്ന വസ്തുത വരുംദിനങ്ങളിൽ ഇൻഡക്‌സുകളെ വീണ്ടും പിടിച്ച് ഉലയ്ക്കാം.
വിദേശ ഫണ്ടുകൾ നാല് മാസമായി വിൽപനയുടെ മാധുര്യം നുകരുകയാണ്. വിദേശ ഓപറേറ്റർമാർ ഒക്ടോബറിന് ശേഷം ഇതിനകം ഒന്നര ലക്ഷം കോടി രൂപയുടെ വിൽപന നടത്തി. എന്നാൽ എൽ.ഐ.സിയുടെ ഐ.പി.ഒ മുന്നിൽ കണ്ട് അവർ ചുവട് മാറ്റാം. വാരാവസാനം രൂപയുടെ തിരിച്ചുവരവ് ഇതിന്റെ ഭാഗമെന്ന് വേണം കണക്കാക്കാൻ.
ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 75.31 ൽ നിന്ന് 75.71 ലേയ്ക്ക് ദുർബലമായെങ്കിലും വെളളിയാഴ്ച 74.66 ലേക്ക് ശക്തി പ്രാപിച്ചു. ഈ വാരം 74.40 ലെ തടസ്സം മറികടന്നാൽ രൂപ 74 ലേക്ക് ശക്തിപ്പെടാം. എന്നാൽ അതിനായില്ലെങ്കിൽ വിനിമയ നിരക്ക് വീണ്ടും 75.25-75.50 ലേക്ക് ദുർബലമാകും.
നിഫ്റ്റി 17,373 ൽ നിന്ന് വാരാരംഭം 16,814 ലേക്ക് ഇടിഞ്ഞു. മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് 16,804 ൽ നിഫ്റ്റിക്ക് താങ്ങ് ലഭിക്കുമെന്ന കാര്യം. ഈ സപ്പോർട്ട് നിലനിർത്താനായത് പിന്നീട് ശക്തമായ വാങ്ങൽ താൽപര്യത്തിന് അവസരം ഒരുക്കിയതോടെ നിഫ്റ്റി 17,471 വരെ കയറി. വാരാവസാനം ഫണ്ടുകളും ഊഹക്കച്ചവടക്കാരും ലാഭമെടുപ്പിലേക്ക് തിരിഞ്ഞതിനാൽ ക്ലോസിങിൽ നിഫ്റ്റി 17,276 പോയന്റിലാണ്.
ഈ വാരം 21 ആഴ്ചകളിലെ ശരാശരിയായ 17,590 റേഞ്ചിൽ ശക്തമായ പ്രതിരോധം ഉടലെടുക്കാം. ഇത് മറികടന്നാൽ 17,844 വരെ സഞ്ചരിക്കാനുള്ള ഊർജം വിപണി കണ്ടെത്തും. അതേസമയം ഒരിക്കൽ കൂടി വിൽപനക്കാരുടെ നിയന്ത്രണത്തിൽ നീങ്ങിയാൽ 16,903 ലും 16,530 ലും താങ്ങ് പ്രതീക്ഷിക്കാം. ബോംബെ സെൻസെക്‌സ് 58,152 പോയന്റിൽ നിന്നും ഓപണിങ് ദിനത്തിൽ 56,333 വരെ ഇടിഞ്ഞു. എന്നാൽ തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവിൽ സൂചിക 58,504 പോയന്റിലേക്ക് ഉയർന്നു. വാരാന്ത്യം സെൻസെക്‌സ് 57,833 പോയന്റിലാണ്. ഈ വാരം 58,780 ൽ ആദ്യ പ്രതിരോധമുണ്ട്. വീണ്ടും സാങ്കേതിക തിരുത്തൽ സംഭവിച്ചാൽ 56,609-55,385 റേഞ്ചിൽ സപ്പോർട്ട് പ്രതീക്ഷിക്കാം. അതേസമയം ആദ്യ പ്രതിരോധം തകർന്നാൽ മാർച്ചിൽ സെൻസെക്‌സ് 59,727 ലേയ്ക്ക് മാർച്ച് ചെയ്യാം.
വിപണി ഫ്യൂചർ ആൻഡ് ഓപ്ഷൻസ് സെൻറ്റിൽമെന്റിന് ഒരുങ്ങുകയാണ്. വ്യാഴാഴ്ച നടക്കുന്ന സെറ്റിൽമെന്റിന് മുന്നോടിയായി വൻ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. വിദേശ ഫണ്ടുകൾ 12,216 കോടി രൂപയുടെ ഓഹരികൾ പോയവാരം വിറ്റു, ആഭ്യന്തര ഫണ്ടുകൾ 9875 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
മുൻനിര ഓഹരികളായ ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞു. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഡസ് ബാങ്ക്, സൺ ഫാർമ, ഡോ. റെഡീസ്, സിപ്ല, ഇൻഫോസീസ്, ഐ.റ്റി.സി, മാരുതി, ആർ.ഐ.എൽ, എം ആന്റ് എം, എയർ ടെൽ തുടങ്ങിയവയുടെ നിരക്ക് താഴ്ന്നപ്പോൾ റ്റി.സി.എസ്, എച്ച്യു.എൽ.ആർ.ഐ.എൽ, എച്ച്.ഡി.എഫ്.സി, എൽ ആന്റ് ടി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരി വിലകൾ മികവ് കാണിച്ചു.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും വർധിച്ചു. ബാരലിന് 92 ഡോളറിൽ ഇടപാടുകൾ തുടങ്ങിയ ക്രൂഡ് 96.23 ഡോളർ വരെ കുതിച്ച ശേഷം ക്ലോസിങിൽ 94 ഡോളറിലാണ്. സ്വർണ വിലയിൽ മുന്നേറ്റം. ട്രോയ് ഔൺസിന് 1860 ഡോളറിൽ നിന്ന് 1902.65 ഡോളർ വരെ ഉയർന്ന ശേഷം 1899 ഡോളറിലാണ്. ഈ വാരം സ്വർണത്തിന് 1926-1931 ഡോളറിൽ പ്രതിരോധമുണ്ട്. തിരുത്തലിന് ശ്രമിച്ചാൽ 1845 ഡോളറിൽ താങ്ങുണ്ട്.