ആക്രമണത്തിനിരയായ നടി ഒളിച്ചിരിക്കാതെ മുഖ്യധാരയിലേക്ക് വരണം- ആഷിഖ് അബു

കൊച്ചി- ആക്രമിക്കപ്പെട്ട നടി ഇനിയും ഒളിച്ചിരിക്കാതെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് സംവിധായകന്‍ ആഷിഖ് അബു. സമൂഹത്തില്‍ അങ്ങനെ ഒരു മാറ്റം വരണം. ഇരകള്‍ എന്തിനാണ് എപ്പോഴും മറയില്‍ നില്‍ക്കുന്നത്. അവരെ മാറ്റി നിര്‍ത്തുന്നതാണ് കുറ്റമെന്നാണ് എനിക്ക് തോന്നുന്നത്- ആഷിഖ് അബു പറഞ്ഞു.
ഒരു കുറ്റവും ചെയ്യാത്ത അവര്‍ മാറി നില്‍ക്കാന്‍ പാടില്ല. നമ്മള്‍ അവരെ ഇങ്ങനെ മറച്ചു നിര്‍ത്തുന്നതാണ് പ്രശ്‌നം. നിങ്ങള്‍ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ടെന്ന് താനവരോട് പറഞ്ഞിട്ടുണ്ട്. ഒരു സാധാരണ സ്ത്രീയെ പോലെ നമ്മള്‍ അവരെ കാണണം. ഇത് ഒരു ക്രിമിനല്‍ കേസാണ്. ആ നടപടികള്‍ വേറെയാണ്. സുപ്രീം കോടതി വരെ പോകാന്‍ സാധ്യതയുള്ള കേസാണിത്. പക്ഷെ അവസാനം സത്യം പുറത്തു വരാന്‍ സാധ്യതയുള്ള കേസാണ്. അത് മൂടിവെക്കാന്‍ പറ്റില്ല. കുറച്ചു കാലത്തേക്ക് മൂടി വെക്കാന്‍ പറ്റുമായിരിക്കും. ഇതില്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ടത് കൊണ്ട് ചിലപ്പോള്‍ അയാള്‍ നന്നായേക്കാം. പക്ഷെ അതിജീവിതയെക്കുറിച്ചാണ് നമ്മുടെ ആശങ്കയെങ്കില്‍ അവര്‍ വളരെ ആത്മവിശ്വാസത്തോടെ തിരിച്ചു വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ കാലതാമസം നേരിടുന്നതിന് പല കാരണങ്ങളുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. എന്നാല്‍ നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസം. നീതി ലഭിക്കുന്നത് വൈകുന്നുണ്ടെന്നുണ്ടെന്നത് ശരിയാണെങ്കിലും നീതി തിരസ്‌കരിക്കപ്പെട്ടിട്ടില്ല. ആ കുട്ടിക്ക് ഉറപ്പായും നീതി ലഭിക്കുമെന്നാണ് ഉറച്ച വിശ്വാസം. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് നമ്മുടെ നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വളരെ ആത്മവിശ്വാസമുണ്ടെന്ന് ആഷിഖ് അബു പറഞ്ഞു.

 

Latest News