Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസ്: വിദേശിക്ക് കൂട്ടുനിന്ന സൗദി വനിതക്ക് ശിക്ഷ

റിയാദ് - ബിനാമി ബിസിനസ് സ്ഥാപനം നടത്താന്‍ കൂട്ടുനിന്ന കേസില്‍ സൗദി വനിതയെയും ഇവരുടെ സിറിയക്കാരനായ ഭര്‍ത്താവിനെയും ഇയാളുടെ പിതൃസഹോദര പുത്രനെയും കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന സിറിയക്കാരന്‍ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ മറവില്‍ സ്വന്തം നിലയില്‍ ബിസിനസ് നടത്താന്‍ പിതൃസഹോദര പുത്രനെ അനുവദിക്കുകയായിരുന്നു. റിയാദില്‍ കോണ്‍ട്രാക്ടിംഗ് മേഖലയില്‍ സ്വന്തം നിലക്ക് സ്ഥാപനം നടത്താനാണ് പിതൃസഹോദര പുത്രനെ സിറിയക്കാരന്‍ അനുവദിച്ചത്.
റിയാദില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടിംഗ് സ്ഥാപനം ബിനാമിയാണെന്ന് സംശയിക്കുന്നതായി വാണിജ്യ മന്ത്രാലയത്തില്‍ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്ഥാപനം ബിനാമിയായി സിറിയക്കാരന്‍ നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മൂവര്‍ക്കുമെതിരായ കേസ് നിയമ നടപടികള്‍ക്ക് വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന്‍ പിന്നീട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ പൂര്‍ത്തിയാക്കി റിയാദ് ക്രിമിനല്‍ കോടതി പ്രതികളെ ശിക്ഷിക്കുകയുമായിരുന്നു.
സൗദി വനിതക്കും ഭര്‍ത്താവിനും ഇയാളുടെ പിതൃസഹോദര പുത്രനും ആറു മാസം വീതം തടവാണ് കോടതി വിധിച്ചത്. സൗദി വനിതക്കും ഭര്‍ത്താവിനും 60,000 റിയാല്‍ വീതം പിഴ ചുമത്തിയിട്ടുമുണ്ട്. രണ്ടു പേരുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യം ചെയ്യാനും വിധിയുണ്ട്. സ്ഥാപനം അടപ്പിക്കാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. നിയമാനുസൃത സകാത്തും ഫീസുകളും നിയമ ലംഘകരില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്. ഇതേ മേഖലയില്‍ പുതിയ സ്ഥാപനം ആരംഭിക്കുന്നതില്‍ നിന്ന് സൗദി വനിതക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ബിനാമി സ്ഥാപനം നടത്തിയ സിറിയക്കാരനെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു.

 

 

Latest News