പോലീസിലെ ലൈംഗികചൂഷണം, ശ്രീലേഖ പറഞ്ഞത്  ശരിയായില്ലെന്ന്  പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം- മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ നിശിത വിമര്‍ശനവുമായി പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍. ശ്രീലേഖ അടുത്തിടെ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സേനയില്‍ ലൈംഗിക ചൂഷണം നടക്കുന്നുവെന്നും മുന്‍ ഡിഐജി ഒരു വനിതാ എസ്‌ഐയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. സേനയിലെ വനിതകളുടെ ആത്മാഭിമാനം നശിപ്പിക്കുന്ന പ്രസ്താവനയാണ് മുന്‍ ഡിജിപി നടത്തിയെന്ന് സി ആര്‍ ബിജു കുറ്റപ്പെടുത്തി. രാത്രിയും പകലും ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ കുടുംബങ്ങളില്‍ പോലും പ്രശ്‌നങ്ങളുണ്ടാക്കുന്ന രീതിയിലാണ് ഡിജിപി പ്രസ്താവന നടത്തിയത്. മുന്‍ ഡിഐജിക്കെതിരെ എന്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ നിയമനടപടി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സംഘടനയുടെ ചോദ്യം. മുന്‍ ഡിഐജിയെന്ന് മാത്രം പറഞ്ഞതിനാല്‍ വിരമിച്ച പല ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാവുകയാണ്. സര്‍വ്വീസിലിരിക്കെ ഒന്നും ചെയ്യാതെ വിരാചിച്ച ശേഷം അതിരു കടന്ന വാക്കു പറഞ്ഞ് നടക്കരുതെന്നും സംഘടന ജനറല്‍ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Latest News