Sorry, you need to enable JavaScript to visit this website.

കുപ്രചാരണങ്ങള്‍ക്കുമേല്‍ സത്യം നേടിയ വിജയം-പോപ്പുലര്‍ ഫ്രണ്ട്

കുപ്രചാരണങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും മേല്‍ സത്യം നേടിയ വിജയമാണ് ഹാദിയ കേസിലെ സുപ്രീംകോടതി വിധിയെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു.  പിന്തുണച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും അദ്ദേഹം ഫെയ്‌സ് ബുക്കിലെഴുതിയ കുറിപ്പില്‍ നന്ദി അറിയിച്ചു. 

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ
പൂര്‍ണ രൂപം 


ഹാദിയയുടെ നീതിക്കൊപ്പം നിന്ന എല്ലാവരുടെയും വിജയമാണ് ഇത്. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനപരമായ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിനാണ് ശുഭകരമായ പര്യവസാനം ഉണ്ടായിരിക്കുന്നത്.
ഹാദിയമാര്‍ ഇവിടെ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ബോധ്യമുള്ള സത്യം സ്വീകരിക്കാന്‍, അതനുസരിച്ച് ജീവിക്കാന്‍ ഉള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. അതിന്‍മേലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരേ ജാഗ്രതയോടെ നിലയുറപ്പിക്കാന്‍ പൗരബോധമുള്ള എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണം. നീതിയ്ക്കായുള്ള പോരാട്ടത്തില്‍ അവധാനതയോടെ നിലയുറപ്പിച്ചതിന്റെ വിജയമാണ് ഹാദിയ കേസില്‍ ഉണ്ടായിരിക്കുന്നത്. ഒരുപാട് പേരുടെ ആഹോരാത്രമുള്ള പരിശ്രമങ്ങളുടെ ഫലമാണ് ഈ വിജയം. കേസ് നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും ജാഗ്രതയോടെ നിലയുറപ്പിച്ച അഭിഭാഷകരായ കപില്‍ സിബില്‍, ദുഷ്യന്ത് ദവേ, ഇന്ദിരാ ജയ്സിംഗ്, ഹാരിസ് ബീരാന്‍, നൂര്‍ മുഹമ്മദ്, കെ പി മുഹമ്മദ് ശരീഫ്, കെ സി നസീര്‍, യൂസുഫ് മധുര, കൃത്യമായ ഗൃഹപാഠം നിര്‍വഹിച്ച് അണിയറയില്‍ ഊര്‍ജ്ജം പകര്‍ന്ന യുവ അഭിഭാഷക സംഘം; കടപ്പാടോടെ ഓര്‍ക്കേണ്ട മുഖങ്ങള്‍ നിരവധിയാണ്. ആരോപണശരങ്ങള്‍ ഒന്നിനുപുറകേ ഒന്നായി വന്നപ്പോഴും ഒപ്പം ചേര്‍ന്ന് നിന്ന കാപട്യമില്ലാത്ത മതേതര കേരളത്തോട്, നല്ലവരായ മാധ്യമസുഹൃത്തുക്കളോട്, പ്രാര്‍ഥനയും കണ്ണീരുമായി പിന്‍ബലമേകിയ സഹോദരീസഹോദരന്‍മാര്‍, ഉമ്മമാര്‍, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നീട്ടിയ ബക്കറ്റുകളിലേക്ക് മനസ്സറിഞ്ഞ് സംഭാവന നല്‍കിയവര്‍, എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. സര്‍വശക്തനായ നാഥന് സ്തുതി.


 

Latest News