ലഖ്‌നൗ- പ്രതിപക്ഷത്തിന് തീവ്രവാദികളോടും ഭീകരരോടും അനുഭാവമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 2008 ലെ അഹമ്മദാബാദ് സ്‌ഫോടനത്തിലെ വധശിക്ഷ ഉയര്‍ത്തിയ വിവദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. ഇത്തരം തീവ്രവാദികളോട് ചില പാര്‍ട്ടികള്‍ക്ക് അനുഭാവമുണ്ടെന്ന് ആരോപിച്ച പ്രധാനമന്ത്രി മോഡി നിരവധി ഭീകരര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ യു.പിയില്‍ മുന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെന്നും അവകാശപ്പെട്ടു.
ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഹമ്മദാബാദില്‍ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായി. ആ ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഈ ഭീകരരെ അധോലോകത്ത് നിന്ന് കണ്ടെത്തി ശിക്ഷിക്കുമെന്ന് അതേ ദിവസം തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു -ഹര്‍ദോയില്‍ നടന്ന പൊതു പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
2008 ജൂലൈ 26 ന് 56 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അഹമ്മദാബാദ് സ്‌ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടി 38 പേര്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു.
അഹമ്മദാബാദ് സ്‌ഫോടനത്തിന്റെ വിചാരണ നടക്കുന്നതിനാലാണ് താന്‍ ഇത്രയും വര്‍ഷം മൗനം പാലിച്ചതെന്നും മോഡി പറഞ്ഞു. കോടതി തീവ്രവാദികള്‍ക്ക് ശിക്ഷ വിധിച്ചതിനാലാണ് ഇപ്പോള്‍ രാജ്യത്തിന് മുന്നില്‍ വിഷയം ഉന്നയിക്കുന്നത്. തീവ്രവാദികളുടെ നിരവധി മൊഡ്യൂളുകള്‍ ഇല്ലാതാക്കാന്‍ ഗുജറാത്ത് പോലീസ് നടത്തിയ ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തീവ്രവാദത്തോട് മാന്യമായി പെരുമാറിയതുകൊണ്ടാണ് അഹമ്മദാബാദ് സംഭവം പരാമര്‍ശിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് രാജ്യത്തിന് വളരെ അപകടകരമാണ്. ഇക്കാര്യം എല്ലാവരും അറിയണം -മോഡി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ എന്നിവരെയും എം.എല്‍.എമാരെയും കൊലപ്പെടുത്താനാണ് 2008 ജൂലൈ 26 ന് അഹമ്മദാബാദിലെ രണ്ട് ആശുപത്രികളില്‍ ബോംബ് സ്‌ഫോടനം നടത്തിയതെന്ന്് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. മറ്റു പ്രദേശങ്ങളിലെ ബോംബ് സ്‌ഫോടനങ്ങളില്‍ പരിക്കേറ്റവരെ ഈ ആശുപത്രികളില്‍ എത്തിക്കുമ്പോള്‍ ബന്ധുക്കളും മന്ത്രിമാരും ഓടിയെത്തുമെന്ന് പ്രതികള്‍ കണക്കുകൂട്ടിയിരുന്നു. ഹിന്ദുക്കളെ ലക്ഷ്യമിട്ട് കൂട്ട കൊലപാതകങ്ങള്‍ നടത്താന്‍ പരിശീലനം നേടിയവരാണ് പ്രതികളെന്നും കോടതി വ്യക്തമാക്കിയിരുന്നു.






