കോഴിക്കോട്- ഉെൈക്രനില്‍ റഷ്യയുടെ സൈനിക ആക്രമണം ഏത് നിമിഷവും സംഭവിച്ചേക്കാമെന്ന ആശങ്കയില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ജോലിയെടുക്കുന്നവരും കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കുറേ പേര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്നും ഇന്ന് മുതല്‍ വലിയ തോതിലുള്ള മടക്കയാത്രക്ക് സാധ്യതയുണ്ടെന്നും അവിടെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ടെലിഫോണില്‍ 'മലയാളം ന്യൂസി'നോട് പറഞ്ഞു. ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉക്രൈനിലുള്ളത്. ഇതില്‍ കുറേ പേര്‍ ഇതിനകം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. വിമാനങ്ങളില്‍ സീറ്റ് ഉറപ്പിക്കാനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടെന്ന് ഇവോനോ ഫ്രാങ്കിസ്‌ക് നാഷണല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം മുട്ടത്തറ സ്വദേശി അമല്‍ സജീവ് പറഞ്ഞു. ഇന്നലെയും എംബസി ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ 15 ാം തിയ്യതിയും എംബസി നോട്ടീസ് നല്‍കിയിരുന്നു. എത് തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാലും ഇന്ത്യക്കാരെ എത്രയും വേഗം സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ എംബസി സ്വീകരിച്ചിട്ടുണ്ടെന്ന് അമല്‍ പറയുന്നു.
യുദ്ധം ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണെന്നത് കൊണ്ട് തന്നെ ഇന്ത്യക്കാരെല്ലാം ആശങ്കയിലാണ്. യൂണിവേഴ്‌സിറ്റികളില്‍ പലതും ഇപ്പോള്‍ പഠനം ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. ഉക്രൈന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിക്കായി യൂണിവേഴ്‌സിറ്റികള്‍ കാത്തു നില്‍ക്കുകയാണ്. രാജ്യത്തെ മുഴുവന്‍ യൂണിവേഴ്‌സിറ്റികളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ പഠനം മാത്രം മതിയെന്ന് ഇന്ന് വൈകുന്നേരത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അറിയിപ്പ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യം യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രതീക്ഷിക്കുന്നതായും അമല്‍ പറഞ്ഞു. ഇത്തരത്തിലുള്ള അറിയിപ്പ് വന്ന് കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉടനടി നാട്ടിലേക്ക് തിരിക്കും. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ നോക്കുന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമല്‍ പറഞ്ഞു. ചില വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങാതെ പ്രശ്‌നങ്ങള്‍ അവസാനിക്കുമ്പോള്‍ എളുപ്പത്തില്‍ തിരിച്ചെത്താനായി ഗള്‍ഫ് നാടുകള്‍ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന ബന്ധുക്കളുടെ സമീപത്തേക്ക് പോകുന്നുണ്ട്.
റഷ്യയുടെ സൈനിക നീക്കത്തെ ചെറുക്കാന്‍ ഉക്രൈന്‍ പട്ടാളം തയ്യാറെടുക്കുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം പുറത്ത് വന്നതോടെ യുദ്ധഭീതി വളരെയധികം വര്‍ധിച്ചിരിക്കുകയാണെന്നും എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവര്‍ക്കും നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുമാണ് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുള്ളതെന്ന് വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി ക്രിസ് ബെന്നി പറഞ്ഞു.ജനങ്ങള്‍ സാധാരണ ജീവിതം നയിക്കുന്നുണ്ടെങ്കിലും എല്ലാ മേഖലകളിലും ഭീതി നിറഞ്ഞിട്ടുണ്ട്.
യൂണിവേഴ്‌സിറ്റികള്‍ പഠനം പൂര്‍ണ്ണമായും ഓണ്‍ലൈനിലാക്കിയാലും എം.ബി.ബി.എസിന് പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ജസ്റ്റിന്‍ പറഞ്ഞു. കോവിഡ് വ്യാപനമുള്ളതിനാല്‍ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിനിക്കല്‍ ഡ്യൂട്ടി ഇപ്പോള്‍ നിര്‍ബന്ധമാണ്. ഇത് പഠനത്തിന്റെ ഭാഗമാണ്. ആരോഗ്യ വകുപ്പാണ് ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. യൂണിവേഴ്‌സിറ്റികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയാലും ക്ലിനിക്കല്‍ ഡ്യൂട്ടിയിലുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ജസ്റ്റിന്‍ പറഞ്ഞു. എം.ബി.ബി.എസിന് പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ക്ലിനിക്കല്‍ ഡ്യൂട്ടിയിലുണ്ടെന്നും ജസ്റ്റിന്‍ പറഞ്ഞു.