മത്സ്യത്തൊഴിലാളി സജീവന്റെ ആത്മഹത്യ: ആറ് റവന്യു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി-ഭൂമി തരംമാറ്റാനുള്ള അപേക്ഷ വൈകിപ്പിച്ചതില്‍ മനംനൊന്ത് മത്സ്യത്തൊഴിലാളിയായ സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഭൂമി തരംമാറ്റാനുള്ള അപേക്ഷയില്‍ കാലതാമസം വരുത്തിയതിനാണ് നടപടി. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസിലെ ആറ് ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.  സിആര്‍ ഷനോജ്, സിജെ ഡല്‍മ, ഒബി അഭിലാഷ്, മുഹമ്മദ് അസ്ലം, കെസി നിഷ, ടികെ ഷമീം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സജീവന്‍ നല്‍കിയ അപേക്ഷയില്‍ നടപടിയെടുക്കുന്നതില്‍ ഇവര്‍ വീഴ്ച വരുത്തിയെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കണ്ടെത്തി. തപാല്‍ വിഭാഗം അപേക്ഷ രണ്ടര മാസം വൈകിപ്പിച്ചു. സെക്ഷന്‍ ക്ലാര്‍ക്ക് വീണ്ടും രണ്ടര മാസം കാലതാമസം വരുത്തിയെന്നും ജോയിന്റ് കമ്മീഷണര്‍ കണ്ടെത്തി. അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണവും നടക്കും.
നോര്‍ത്ത് പറവൂര്‍ മാല്യങ്കര സ്വദേശി സജീവന്‍ വീട്ടുപറമ്പിലെ മരക്കൊമ്പിലായിരുന്നു തൂങ്ങി മരിച്ചത്. ബാങ്ക് വായ്പ ലഭിക്കാന്‍ ആധാരത്തിലെ നിലം എന്നത് പുരയിടം എന്നാക്കി മാറ്റി നല്‍കണമെന്നായിരുന്നു സജീവന്റെ അപേക്ഷ. എന്നാല്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ വട്ടം കറക്കിയെന്നും ആര്‍ഡിഒ ഓഫീസില്‍ നിന്നും ഇറക്കിവിട്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് സജീവന്‍ മരണക്കുറിപ്പില്‍ എഴുതിവെച്ചിരുന്നു. സജീവന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭൂമി തരം മാറ്റം അനുവദിച്ച് കലക്ടര്‍ രേഖകള്‍ കുടുംബത്തിന് നേരിട്ടെത്തി കൈമാറിയിരുന്നു. മന്ത്രിയടക്കമുള്ളവര്‍ സജീവന്റെ വീട്ടിലെത്തി നടപടി ഉറപ്പു നല്‍കിയിരുന്നു.

 

 

Latest News