ദക്ഷിണേന്ത്യയെ രാജ്യമാക്കേണ്ടി വരുമെന്ന് തെലുഗുദേശം എംപി

ന്യുദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ അവഗണ തുടര്‍ന്നാല്‍ ദക്ഷിണേന്ത്യയെ  മറ്റൊരു രാജ്യമാക്കി മാറ്റുമെന്ന് ടിഡിപി എംപി എം മുരളിമോഹന്‍. ദക്ഷിണന്ത്യ അവഗണിക്കപ്പെടുന്നു എന്ന വികാരം പൊതുവിലുണ്ട്. ഒരു സ്വതന്ത്ര പ്രഖ്യാപനം നടത്തി മറ്റൊരു രാജ്യമാകാന്‍ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കരുത്- സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ മുരളിമോഹന്‍ പറയുന്നു. 
രാജമുന്ദ്രിയില്‍ ഫെബ്രുവരി 12-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റേതാണ് ഈ വീഡിയോ. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍നിന്ന് കഴിഞ്ഞ ദിവസം ആന്ധ്ര പ്രദേശ് ഭരകക്ഷിയായ ടിഡിപി പിന്‍വാങ്ങുകയും കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ ഈ വീഡിയോ പ്രചരിച്ചത്.

മഹാരാഷ്ട്രയെ മാറ്റി നിര്‍ത്തിയാല്‍ കേന്ദ്രത്തിന് ഏറ്റവും കൂടുതല്‍ നികുതി വരുമാന നല്‍കുന്ന സംസ്ഥാനം ആന്ധ്രയാണ്. എന്നിട്ടും കേന്ദ്രത്തിന് ചിറ്റമ്മ നയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ ചിന്താഗതി മാറുന്നില്ലെങ്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് മറ്റൊരു രാജ്യം രൂപീകരിക്കേണ്ടി വരും- അദ്ദേഹം പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ എംപിയുടെ പ്രതികരണം രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കി. 

രാഷ്ട്രീയത്തിലിറങ്ങിയ നടന്‍ പവന്‍ കല്യാണും കേന്ദ്രം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് കഴിഞ്ഞ മാസം രംഗത്തു വന്നിരുന്നു. ജനസംഖ്യാനുപാതികമായി നികുതിപ്പണം വീതം വെക്കുന്ന കേന്ദ്ര രീതിയെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വിജയം കേന്ദ്രം സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. 


 

Latest News