ഇടുക്കി-വണ്ടൻമേട് പുതുവലിൽ രഞ്ജിത്(38) കൊലപ്പെട്ട കേസിൽ ഭാര്യ അന്നൈ ലക്ഷ്മി(28) യെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദേശം പ്രകാരം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഈ മാസം ആറിനാണ് മരിച്ച നിലയിൽ രഞ്ജിത്തിനെ കണ്ടെത്തുന്നത്.
പോലീസ് പറയുന്നതിങ്ങനെ: സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷമിയേയും മദ്യപിച്ചെത്തുന്ന രഞ്ജിത് അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. കൃത്യം നടന്ന ദിവസം അന്നൈ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു. അമിതമായി മദ്യപിച്ചെത്തിയ രഞ്ജിത് ഭാര്യയോട് വഴക്കുണ്ടാക്കി. ഇതിന് തടസം പിടിച്ച അമ്മയെ കയ്യിൽ പിടിച്ച് വലിച്ച് അസഭ്യം പറഞ്ഞു. ഇതിൽ കലിപൂണ്ട അന്നൈ ലക്ഷ്മി രഞ്ജിത്തിനെ ശക്തിയായി പിടിച്ച് തള്ളി. ഇയാൾ പിന്നിലെ കൽഭിത്തിയിൽ തലയിടിച്ച് വിഴുകയും ചെയ്തു.
പിന്നീട് എഴുന്നേറ്റിരുന്ന രഞ്ജിത്തിന്റെ തലയിൽ നിരവധി തവണ കാപ്പിവടികൊണ്ട് അടിച്ചു. ഇതോടെ ബോധം കെട്ട് നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തിൽ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. രഞ്ജിത്ത് നേരത്തെ അയൽവാസിയെ കയറി പിടിച്ചതിന്റെ പേരിൽ റിമാൻഡിൽ കഴിഞ്ഞിരുന്നു. വണ്ടന്മേട് എസ്എച്ച്ഒ വി. എസ് നവാസ്, ഉദ്യോഗസ്ഥരായ എബി, സജിമോൻ ജോസഫ്, മഹേഷ്, ജോൺ, വി.കെ അനീഷ്, രേവതി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.






