Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗവർണർ നടപ്പാക്കുന്നത് സംഘ് പരിവാർ അജണ്ട-പി.എം.എ സലാം

മലപ്പുറം- ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് കേരളത്തിൽ വന്നിരിക്കുന്നതെന്നും ഇതിന് സി.പി.എം കുടപിടിക്കുകയാണെന്നും മുസ്്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കേരളത്തിലെ മതേതര മനസ് ബി.ജെ.പിക്ക് പാകപ്പെട്ടിട്ടില്ലെന്നും വർഗീയതയെ മലയാളികൾ താലോലിക്കില്ലെന്നും മനസ്സിലായ സാഹചര്യത്തിലാണ് കേന്ദ്രം ആരിഫ് മുഹമ്മദ് ഖാനെ ഗവർണറായി  നിയോഗിച്ചത്.അദ്ദേഹം ഭരണഘടനയെ പോലും തള്ളിക്കളയാൻ ശ്രമിക്കുന്നുവെന്നത് ഖേദകരമാണ്. നയപ്രഖ്യാപന പ്രസംഗം ചെയ്യേണ്ടതും ഒപ്പുവെക്കേണ്ടതും ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. എന്നാൽ അദ്ദേഹത്തിന്റെ അജണ്ടകൾ നടപ്പിലാക്കുന്നതിന് വേണ്ടി ധാർഷ്ട്യം കാണിക്കുകയാണ്.  ഗവർണറെ സി.പി.എം ഭയപ്പെടുന്നുവെന്നത് നിരാശ ജനകമാണെന്നും ആശങ്കയുളവാക്കുന്നതാണെന്നും  പി.എം.എ സലാം പറഞ്ഞു. കേരള സർക്കാർ ഗവർണറുടെ ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ പോലും അംഗീകരിച്ചു നൽകുന്നു. ബംഗാളിൽ ഇതേ സാഹചര്യത്തിൽ മമത ബാനർജിയെടുത്ത തീരുമാനങ്ങൾ ജനാധിപത്യ സമൂഹത്തിന് അഭിമാനമായിരുന്നു. ഇത്തരം സമീപനം മാർകിസ്റ്റ് പാർട്ടിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും സി.പി.എമിന്റെ സമീപനത്തിൽ പ്രവർത്തകർ പോലും നിരാശയിലാണെന്നും സലാം പറഞ്ഞു. ബി.ജെ.പി നേതാവിനെ രാജ്ഭവനിൽ ഉദ്യോഗസ്ഥനായി നിയമിച്ചതിൽ പ്രയാസം പ്രകടിപ്പിച്ച ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്നും നീക്കുകയാണ് കേരളസർക്കാർ ചെയ്തത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത് നടക്കുമെന്ന് കേരളീയർ വിശ്വസിക്കില്ല. കേരളീയരുടെ ആത്മാഭിമാനം വൃണപ്പെടുത്തുന്ന നിലയിലേക്കാണ് സർക്കാർ നീങ്ങുന്നത്. സി.പി.എമും സി.പി.ഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കള്ളനും പോലീസും കളിയാണ്. സി.പി.ഐ നേതാവ് ഉടക്കുമായി വന്ന് 48 മണിക്കൂർ കഴിയുമ്പോഴേക്കും അത് ഒത്തു തീർപ്പാകും. 
കേരളത്തിൽ ക്രമസമാധാന നില പാടെ തകർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസവും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനെ മർദ്ദിച്ചു കൊലപ്പെടുത്തി. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. നിക്ഷേപ സൗഹൃദമാണെന്ന് പറയുകയും കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിന് ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ പോലും ആളുകൾക്ക് ബിസിനസ് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. സി.പി.എമിന്റെയും സി.ഐ.ടി.യുവിന്റെയും നേതാക്കൾ ബിസിനസ് ചെയ്യുന്നവരെ വേട്ടയാടുകയാണ്. നാട്ടിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ച് പുറത്ത് നിന്നും നിക്ഷേപം പ്രതീക്ഷിക്കുകയാണ് സർക്കാരെന്നും പി.എം.എ സലാം പറഞ്ഞു.
 

Latest News