കൊച്ചി- ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ആറ് ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം നാളെ ആലുവ കോടതിക്ക് കൈമാറും. മുദ്രവെച്ച കവറിൽ കോടതിയിൽ നൽകുന്ന റിപ്പോർട്ട് കോടതിയാണ് പോലീസിന് കൈമാറുക. എന്നാൽ ക്രൈംബ്രാഞ്ചിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നിന്നും പരിശോധനയുടെ അനൗദ്യോഗിക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. പ്രതീക്ഷിച്ചതിലും കൂടുതൽ വിവരങ്ങൾ ഫോണിൽ നിന്ന് ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. വാട്സ്ആപ്പ് ചാറ്റുകളും ശബ്ദ സംഭാഷണങ്ങളും ഫോണുകളിൽ നിന്ന് ലഭിച്ചെന്നാണ് വിവരങ്ങൾ. റിപ്പോർട്ട് കോടതിക്ക് കൈമാറിയ ശേഷം അതിന്റെ പകർപ്പ് അന്വേഷണസംഘത്തിന് ലഭിക്കും. ലഭിക്കുന്ന വിവരങ്ങൾ ഗുരുതരമെങ്കിൽ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ദിലീപിനെയും കൂട്ടുപ്രതികളെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യുക. തെളിവ് നശിപ്പിക്കാൻ അഭിഭാഷകർ കൂട്ട് നിന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകർക്കെതിരായ നടപടി കോടതിയെ അറിയിക്കാനാണ് തീരുമാനം.






