Sorry, you need to enable JavaScript to visit this website.

ജയിലിൽ ദിലീപിന്റെ അവസ്ഥ കരളലിയിക്കുന്നതായിരുന്നുവെന്ന് മുൻ ഡി.ഐ.ജി ആർ ശ്രീലേഖ

കൊച്ചി- നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് താൻ ജയിലിൽ സൗകര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച് മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖ.  ജയിലിൽ താൻ ചെന്നു കാണുമ്പോൾ ദിലീപിന്റെ സ്ഥിതി ദയനീയമായിരുന്നു. എന്നാൽ ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർ ഒരു ടി.വി പരിപാടിയിൽ പറഞ്ഞു. 
ദീലിപിനെ ജയിലിൽ കാണുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന് ജയിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതായി ആക്ഷേപം വന്നത്. കോഴിക്കോട് വെച്ച് ഇതക്കുറിച്ച് പത്രപ്രവർത്തകർ ചോദിച്ചപ്പോൾ പ്രത്യേക സൗകര്യങ്ങളൊന്നും ചെയ്തുകൊടുത്തതായി അറിയില്ലെന്നും താൻ ജയിൽ സന്ദർശിക്കാനിരിക്കുകയാണെന്നും പറഞ്ഞിരുന്നു. ആലുവ ജയിലിൽ താൻ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. തറയിൽ ഒരുപായിൽ മൂന്നു നാല് തടവുകാരുടെ ഇടയിൽ കിടക്കുന്ന ദിലീപിനെ താൻ ചെന്ന് തട്ടിവിളിക്കുമ്പോൾ അയാൾ എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധത്തിൽ അവശനായിരുന്നു. വിറച്ചുകൊണ്ടിരുന്ന അയാൾ അഴിയിൽ പിടിച്ച് എണീക്കാൻ ശ്രമിച്ചെങ്കിലും വീണുപോയി. സ്‌ക്രീനിൽ കാണുന്ന ദിലീപാണെന്ന് വിശ്വസിക്കാൻ കഴിയാത്തവിധം വിരൂപാവസ്ഥയിലായിരുന്നു അയാൾ. അയാളുടെ ദയനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞ താൻ അയാളെ പിടിച്ചുകൊണ്ടുവന്ന് സൂപ്രണ്ടിന്റെ മുറിയിലിരുത്തി. അയാൾക്ക് ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. ഒരു കരിക്ക് കൊടുത്ത് അയാളെ ശുശ്രൂഷിച്ചു. ഒരാളെ ഇത്രക്ക് ദ്രോഹിക്കാൻ പാടില്ലെന്നതുകൊണ്ട് അയാൾക്ക് കിടക്കാൻ രണ്ടു പായയും ഒരു ബ്ലാങ്കറ്റും കൊടുത്ത് ഇയർ ബാലൻസ് പ്രശ്‌നത്തിന് ചികിത്സിക്കാൻ ഡോക്ടറുടെ സേവനവും നല്ല ഭക്ഷണം കൊടുക്കാനുള്ള ഏർപ്പാടും ചെയ്തത്. ഇത് ദിലീപായതുകൊണ്ടല്ല. മറ്റേത് തടവുകാരൻ ഇതുപോലെ ദയനീയാവസ്ഥയിൽ തന്റെ മുന്നിൽ കണ്ടാൽ സഹായിക്കുമായിരുന്നുവെന്ന് ശ്രീലേഖ പറഞ്ഞു. 
ആക്രമിക്കപ്പെട്ട നടിയോടൊപ്പമല്ലെന്ന് ഇതിന് അർഥമില്ല. അവരുടെ കഥകൾ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്. താൻ അവരെ നേരിട്ട് കണ്ടിട്ടില്ല. അവർ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പ്രതികൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാൽ തടവുകാർക്കും മനുഷ്യാവകാശങ്ങളുണ്ടെന്നും ഇത് പലപ്പോഴും പോലീസ് മറക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു.
 

Latest News