Sorry, you need to enable JavaScript to visit this website.

മന്ത്രി ദേവർ കോവിലിനെതിരെ  സൗദി ഐ.എം.സി.സി

ജിദ്ദ- ഐ.എൻ.എൽ പ്രശ്‌നങ്ങൡലെ പ്രധാനകാരണക്കാരനായ അഖിലേന്ത്യാ സെക്രട്ടറിയെന്നു വിശേഷിപ്പിക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിൽ ഭരണഘടനയുടെ ഏതു മാനദണ്ഡം അനുസരിച്ചാണ് അഖിലേന്ത്യാ സെക്രട്ടറി എന്ന പദവി അലങ്കരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് സൗദി ഐ.എം.സി.സി പ്രസിഡന്റ് എ.എം. അബ്ദുല്ലകുട്ടി ആവശ്യപ്പെട്ടു. പാർട്ടിയുടെ നല്ലനാളുകളിൽ ഒരു അലങ്കാരമായി നടന്ന ദേവർകോവിൽ പാർട്ടിയിലെ ഭിന്നിപ്പ് നന്നായി ആസ്വദിച്ച വ്യക്തിയാണ്. പ്രൊഫസർ എ.പി. അബ്ദുൽ വഹാബ് കോഴിക്കോട് മത്സരിക്കുന്ന സമയം തന്റെ ഓഫീസിലിരുന്ന് വഹാബിന്റെ പരാജയത്തിന് ആക്കംകൂട്ടുന്ന നടപടികളിലായിരുന്നു അദ്ദേഹം വ്യാപൃതനായിരുന്നത്. കേരളത്തിലെ ഐ.എൻ.എല്ലിന്റെ ഒരു ഘടകത്തിൽനിന്നും മെമ്പർഷിപ്പിലൂടെ മേൽ കമ്മിറ്റിയിലേക്കു വരാത്ത ദേവർകോവിൽ ഏതുവാതിലിലൂടെയാണ് ദേശീയ തലത്തിൽ എത്തിയത് എന്നറിയാൻ താൽപര്യമുണ്ട്.
പാർട്ടിക്ക് വ്യക്തമായ ഭരണഘടനയുണ്ട്. അതിനനുസരിച്ച് പാർട്ടി ഘടകം കേരളത്തിൽ മാത്രമേ ഇപ്പോൾ നിലവിലുള്ളൂ. മറ്റുള്ളയിടത്തെല്ലാം പ്രൊഫസർ സുലൈമാൻ തന്റെ കുടുംബക്കാരെയും ബന്ധുക്കളയേയും അതിലുപരി അദ്ദേഹത്തിന് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവരെയും പങ്കെടുപ്പിച്ച് ദേശീയമെന്നു പറയുന്ന ഭണഘടനയെ അവമതിക്കുകയാണ്. ഒരു ദേശീയ സമിതി വിളിക്കാനുള്ള വ്യവസ്ഥതകളും അനുബന്ധ ക്രമീകരണങ്ങളും ഭരണഘടന വ്യക്തമായി പറയുന്നുവെന്നിരിക്കെ ഇവകൾ ഒന്നുപോലും പാലിക്കാത്ത അതേവിഭാഗം ഭരണഘടനയുടെ പ്രാധാന്യത്തെകുറിച്ച് സംസാരിക്കുന്നതിലെ വിരോധാഭാസം സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ,. മന്ത്രിസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്ക മനസ്സിലാക്കാം. പക്ഷെ ഇത്തരത്തിലുള്ള വിടുവായത്തങ്ങൾ പൊതുസമൂഹം തിരിച്ചറിയും.
പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം മുസ്‌ലിം ലീഗിലേക്ക് പോയപ്പോൾ കൂടെപോവാൻ തയാറായ ദേവർകോവിൽ ഉദ്ദേശിച്ച സൗകര്യങ്ങൾ കിട്ടില്ലാന്നുറപ്പായപ്പോഴാണ് ഇരുമനസ്സോടെ വീണ്ടും പാർട്ടിയിൽ സജീവമായത്. അന്നെല്ലാം അരയും തലയും മുറുക്കി ഈ പ്രസ്ഥാനത്തിനുവണ്ടി ഗ്രാമഗ്രാമാന്തരങ്ങളിൽ ഓടിനടന്നു പാർട്ടിയെ ഇന്നത്തെ നിലയിലെത്തിച്ച പ്രൊഫസർ അബ്ദുൽ വഹാബിന് ഭരണഘടനയെകുറിച്ച് പറഞ്ഞു കൊടുക്കുമ്പോൾ തന്റെ പിന്നിട്ട രാഷ്ട്രീയ നിലപാടിനെകുറിച്ചൊന്നു ചിന്തിക്കാമായിരുന്നു. 2018 ൽ ദേവർകോവിലിനെ സംസ്ഥാന നേതൃത്വത്തിലെത്തിക്കാൻ പ്രൊഫസർ സുലൈമാൻ കിണഞ്ഞു ശ്രമിച്ചു പരാജയപ്പെട്ടതാണ്. അന്ന് തുടങ്ങിയതാണ് പാർട്ടിയെ തകർത്താണെങ്കിലും തന്നെ സഹായിക്കുന്നവരിൽ പാർട്ടിയെ എത്തിക്കാനുള്ള ശ്രമം. അദ്ദേഹത്തിന്റെ ഇത്തരം ശ്രമങ്ങൾ തമിഴ്‌നാട്ടിലെല്ലാം നടത്തി പാർട്ടിയെ നാമാവശേഷമാക്കിയതാണ്. ആ നീക്കം കേരളത്തിൽ നടക്കില്ല. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കൗൺസിലിലൂടെ ബോധ്യമായ അസ്വസ്ഥതയാണ് ദേവർകോവിൽ പ്രകടിപ്പിക്കുന്നത്. പാർട്ടിയിലെ ഭിന്നിപ്പ് സൂക്ഷ്മമായി ഉപയോഗപ്പെടുത്തി കാസിം ഇരിക്കൂറിനെയും വഹാബിനെയും ഇരു ചേരിയിലാക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ടെങ്കിലും, പാർട്ടിയെ കൈപ്പിടിയിലാക്കാനുള്ള ദേവറിന്റെ ചിരകാലാഭിലാഷം സേട്ട് സാഹിബിനെ നെഞ്ചിലേറ്റിയ ആത്മാർതഥതയുള്ള പ്രവർത്തകർ എന്തുവിലകൊടുത്തതും ചെറുക്കുമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. പ്രൊഫസർ അബ്ദുൽ വഹാബിന്റെയും നാസർ കോയ തങ്ങളുടെയും നേതൃത്വത്തിൽ ഐ.എൻ.എൽ ശക്തമായി സംസ്ഥാനത്ത് മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest News