ബീഡി വാങ്ങി കൊടുക്കാത്തതിന് അച്ഛന്‍റെ തല അടിച്ചുപൊട്ടിച്ചു, പ്രവാസിയായ മകൻ  പിടിയിൽ

കൊല്ലം -പിതാവിന്റെ തല തല്ലിത്തകർക്കുകയും കാൽ അടിച്ച് ഒടിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിൽ.  പരവൂർ കൂനയിൽ പുതുവീട് സുനിൽ മന്ദിരത്തിൽ  സുനിൽ (31) ആണ്  പിടിയിലായത്. വിദേശത്തായിരുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് തിരികെ എത്തിയത്. തുടർന്ന് പിതാവായ സുകുമാരനോട്  ബീഡി വാങ്ങി കൊടുക്കാൻ ആവശ്യപ്പെട്ടത് പിതാവ് നിരസിച്ചതിൽ പ്രകോപിതനായ യുവാവ് സമീപത്തിരുന്ന ചുറ്റിക കൊണ്ട് പിതാവിൻറെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു. ജീവരക്ഷാർത്ഥം ഓടി രക്ഷപെടാൻ ശ്രമിച്ച സുകുമാരൻറെ കാല് കമ്പി വടി കൊണ്ട് ഇയാൾ അടിച്ചൊടിക്കുകയും ചെയ്തു. വീട്ടിലേക്ക് ആരെയും അടുപ്പിക്കാതെ ആയുധവുമായി പ്രകോപിതനായി പെരുമാറിയ യുവാവ് പിതാവിനെ ആശുപത്രിയിൽ കൊണ്ടു പോകാനും അനുവദിച്ചില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പരവൂർ  പോലീസ് സംഘം തന്ത്രപൂർവ്വം ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. രക്തം വാർന്ന് കിടന്ന സുകുമാരനെ പോലീസ് ഉടൻതന്നെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പളളി മെഡിക്കൽ കോളേജിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് സുകുമാരനെ അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി. യുവാവിൻറെ മാതാവിന്റെ പരാതിയിൽ സുനിലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പരവൂർ ഇൻസ്‌പെക്ടർ എ. നിസാറിൻറെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ നിതിൻ നളൻ, സുരേഷ്ബാബു, നിസാം, എസ്,സി.പി.ഒ മാരായ വിമൽ ചന്ദ്രൻ, സിന്ധു സിപിഒ മാരായ രതീഷ്, പ്രോലാൽ, ഷെഫീർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
 

Latest News