കൊച്ചി- പാടുപെട്ടാണ് ഒരു ജോലി കിട്ടിയതെന്നും തന്നെ ദ്രോഹിക്കരുതെന്നും സ്വപ്‌ന സുരേഷ്. എച്ച്.ആര്‍.ഡി.എസിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് സ്വപ്ന സുരേഷ്. വെള്ളിയാഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്. താന്‍ ഇപ്പോള്‍ ആ സ്ഥാപനത്തിലെ ജോലിക്കാരി ആണ്. എച്ച്.ആര്‍.ഡി.എസുമായി തനിക്ക് നേരത്തെ ഒരു ബന്ധവുമില്ലെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു.
'ജോലിക്ക് വേണ്ടി ഒരുപാട് പേരെ സമീപച്ചെങ്കിലും എനിക്ക് ജോലി തരുന്നതിന് പേടിയാണെന്നാണ് പലരും പറഞ്ഞത്. അതുകൊണ്ട് യോഗ്യതക്കപ്പുറം പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായം കൂടിയാണ് ഈ ജോലി. അനില്‍ എന്ന സുഹൃത്ത് വഴിയാണ് എച്ച്.ആര്‍.ഡി.എസിലെ ജോലിക്ക് അവസരം ലഭിച്ചത്. ഫോണിലൂടെ രണ്ട് റൗണ്ട് അഭിമുഖങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് താന്‍ ജോലിയില്‍ പ്രവേശിച്ചത്. സ്ഥാപനത്തിന് രാഷ്ട്രീയബന്ധമുണ്ടോ എന്നൊന്നും അറിയില്ല. രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും ചേര്‍ന്ന് രാഷ്ട്രീയം വലിച്ചിടുന്നത്? ജോലി നേടി വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയൂ. നിങ്ങള്‍ക്ക് എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ ഒന്ന് വളര്‍ത്തിക്കോട്ടെ, ജീവിക്കാന്‍ അനുവദിക്കണം'- സ്വപ്ന സുരേഷ് പറഞ്ഞു.
'സ്ഥാപനത്തിലെ സ്ത്രീ ശാക്തികരണ വിഭാഗം ഡയറക്ടര്‍ ആയാണ് എനിക്ക് ചുമതല. ഞാനൊരു സ്ത്രീ ആണ്, ദുഃഖിക്കുന്ന ഒരമ്മയാണ്. താലി പൊട്ടിയ ഭാര്യയാണ്. ജോലി സ്ഥലത്തും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുപോലൊരു സ്ത്രീക്ക് സമൂഹത്തിലെ സ്ത്രീകളുടെ പലപ്രശ്നങ്ങളും മനസ്സിലാക്കാന്‍ സാധിക്കും, അവരെ സഹായിക്കാന്‍ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. എതിരേ വരുന്ന എന്തിനേയും നേരിടാം എന്നേ ഇനി വിചാരിക്കുന്നുള്ളൂ. തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലുള്‍പ്പെട്ട പലരും പലസ്ഥാപനങ്ങളില്‍ ജോലിയില്‍ തുടരുകയാണ്. എന്തുകൊണ്ട് എനിക്ക് മാത്രം അത് പറ്റില്ല. ഈ നാട്ടിലെ നിയമസംവിധാനത്തില്‍ വിശ്വാസമുണ്ട്,- സ്വപ്ന സുരേഷ് പറഞ്ഞു.