കാറുമായി വന്ന് ഷൈന്‍ ചെയ്യേണ്ട, കോളേജില്‍ കാറുമായി എത്തിയ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു

കണ്ണൂര്‍ - കാറുമായി കോളേജിലെത്തിയ ജൂനിയര്‍ വിദ്യാര്‍ഥിയെ, സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു. മാരകമായി പരിക്കേറ്റ വിദ്യാര്‍ഥിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പിലാത്തറ വിളയാങ്കോട് എം.ജി.എം പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അരവഞ്ചാല്‍ പെരിന്തട്ട സ്വദേശി സല്‍മാന്‍ റാഷിദിനാണ് മര്‍ദ്ദനമേറ്റത് .

കോളേജില്‍ കാറെടുത്തുവന്ന് ഷൈന്‍ ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.  സല്‍മാന്‍ കോളേജിലേക്ക് കാറുമായി വന്നത് ചോദ്യം ചെയ്ത മൂന്നാം വര്‍ഷം വിദ്യര്‍ത്ഥികളായ കൊല്ലം സ്വദേശി അനശ്വര്‍ , ഹാഫിസ് , മുസമ്മില്‍ എന്നിവര്‍ ചേര്‍ന്ന് വാഹനം തടയുകയും, വിദ്യാര്‍ഥിയെ വാഹനത്തില്‍ നിന്ന് വലിച്ച് പുറത്തിട്ട് ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. നിരവധി വിദ്യാര്‍ഥികളും അധ്യാപകര്‍ അടക്കമുള്ള കോളേജ് ജീവനക്കാരും നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.
മര്‍ദ്ദനമേറ്റ് നിലത്തു വീണ വിദ്യാര്‍ഥിയുടെ നെഞ്ചത്ത് സംഘം ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. ഒടുവില്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ ഇവരെ പിടിച്ചു മാറ്റുകയായിരുന്നു.
സാരമായി പരിക്കേറ്റ സല്‍മാന്‍ റാഷിദിനെ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ച മൂന്ന് വിദ്യാര്‍ത്ഥികളേയും കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍
 ഇവര്‍ക്കെതിരെ പരിയാരം പോലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
             അതേ സമയം, ഇത്രയും ഗുരുതരമായ സംഭവങ്ങള്‍ നടന്നിട്ടും കോളേജ് അധികൃതര്‍ കൃത്യ സമയത്ത് വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെ അറിയിക്കുകയോ, ആവശ്യമായ തുടര്‍നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്

 

Latest News