തായിഫ് - ഡോക്ടറെ പോലെ വേഷം ധരിച്ച് തായിഫ് കിംഗ് ഫൈസല്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ മെറ്റേണിറ്റി ആശുപത്രിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച അറബ് വംശജനെ സുരക്ഷാ വിഭാഗം പിടികൂടി. വ്യാഴാഴ്ച രാത്രി എട്ടു മണിക്കാണ് ഡോക്ടറുടെ വേഷം ധരിച്ച അറബ് വംശജന്‍ മെറ്റേണിറ്റി ആശുപത്രിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതെന്ന് തായിഫ് ആരോഗ്യ വകുപ്പ് വക്താവ് സിറാജ് അല്‍ഹുമൈദാന്‍ പറഞ്ഞു. സംശയം തോന്നി ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരി വിവരം സൂപ്പര്‍വൈസറെ അറിയിച്ചു. ഇവര്‍ കിംഗ് ഫൈസല്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ കണ്‍ട്രോള്‍ റൂമിനെ വിവരമറിയിച്ചു. തുടര്‍ന്ന് ക്യാമറകള്‍ വഴി വിദേശിയെ നിരീക്ഷിക്കാന്‍ തുടങ്ങി.
തന്നെ അധികൃര്‍ നിരീക്ഷിക്കുന്നതായി അറിഞ്ഞ അറബ് വംശജന്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വിദേശിയെ പിടികൂടി. ഇയാള്‍ ഡോക്ടര്‍ അല്ലെന്നും മെഡിക്കല്‍ കോംപ്ലക്‌സിലെ ജീവനക്കാരനല്ലെന്നും വ്യക്തമായി. കിംഗ് ഫൈസല്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് വനിതാ രോഗികളുടെ സ്വകാര്യത ലംഘിക്കാനാണ് വിദേശി ശ്രമിച്ചത്. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ വിദേശിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി സിറാജ് അല്‍ഹുമൈദാന്‍ പറഞ്ഞു.






