അവിഹിത ബന്ധം ആരോപിച്ച് യുവതിയെ മൊട്ടയടിച്ച് നടത്തിച്ചു; വീഡിയോ വൈറലായി, ഭര്‍ത്താവ് അറസ്റ്റില്‍

ദര്‍ഭംഗ- ബിഹാറില്‍ വിവാഹേതര ബന്ധം ആരോപിച്ച് യുവതിയുടെ തലമുണ്ഡനം ചെയ്ത് ഗ്രാമം മുഴുവന്‍ നടത്തിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ദര്‍ഭംഗ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
യുവതിയുടെ തലമുണ്ഡനം ചെയ്തതിനു പുറമെ മുഖത്തിന്റെ ഒരു ഭാഗത്ത് കറുത്ത ചായമടിക്കുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഭര്‍ത്താവ് രണ്‍വീര്‍ സദയെ അറസ്റ്റ് ചെയ്തത്.
വീഡിയോയുടെ ആധികാരികത പരിശോധിക്കാനും അന്വേഷണം നടത്താനും ബിറാവുല്‍ ഡി.എസ്.പി മനീഷ് ചന്ദ്ര ചൗധരിയെ ചുമതലപ്പെടുത്തിയതായി ദര്‍ഭംഗ സീനിയര്‍ പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ പ്രസാദ് പറഞ്ഞു.
വീഡിയോയില്‍ കാണുന്ന മറ്റുളളവര്‍ക്കെതിരേയും നടപടി കൈക്കൊള്ളുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 13 ന് നടന്ന സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും എസ്.എസ്.പി പറഞ്ഞു.

 

Latest News