തിരുവനന്തപുരം-രണ്ടു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം മുട്ടടയിലാണ് സംഭവം. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. അര ലക്ഷം രൂപ പിഴയും ഒടുക്കണം. 2018 ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി രാത്രിയിൽ സ്ഥിരമായി കരയുകയും സ്വകാര്യ ഭാഗത്ത് വേദനിക്കുന്നെന്നും പറഞ്ഞിരുന്നു. ഇവിടം പരിശോധിച്ച അമ്മ മുറിവ് കണ്ടെത്തി. മുറിവിനെ കുറിച്ച് ചോദിച്ചപ്പോഴും കുഞ്ഞ് കരഞ്ഞു. കുഞ്ഞ് ജനിച്ചത് മുതൽ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് 34-കാരനായ പ്രതി കലഹിച്ചിരുന്നു. യുവതിക്ക് വേറെ ബന്ധമുണ്ടെന്നും കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഒരു ദിവസം കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഉണർന്നപ്പോഴാണ് ഇയാൾ പീഡിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്നാണ് കേസ് നൽകിയത്.






