Sorry, you need to enable JavaScript to visit this website.

മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ ആഹ്വാനം ചെയ്ത നര്‍സിംഗാനന്ദ് ജയില്‍ മോചിതനായി; വന്‍ വരവേല്‍പ്പ്

ഹരിദ്വാര്‍- ഹരിദ്വാറില്‍ കടുത്ത മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസംഗം നടത്തുകയും വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത ഹിന്ദു നേതാവ് യതി നര്‍സിംഗാനന്ദ് ജയില്‍ മോചിതനായി. നേരത്തെ കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ നര്‍സിംഗാനന്ദിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ജില്ലാ ജയില്‍ പരിസരത്ത് അദ്ദേഹത്തിന്റെ അനുയായികള്‍ കൂട്ടമായി എത്തിയിരുന്നു. മാലയിട്ടാണ് സ്വീകരിച്ചത്. വാഹനം ജയില്‍ ഗേറ്റിനു പുറത്തെത്തിയതോടെ നര്‍സിംഗാനന്ദ് ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങി. മാലയിടാനും സെല്‍ഫിയെടുക്കാനും അനുയായികളുടെ തിക്കുംതിരക്കുമായിരുന്നു. 

സ്വീകരണത്തിനു ശേഷം അദ്ദേഹം സര്‍വാനന്ദ് ഘട്ടിലേക്കു പോയി. കേസില്‍ കൂട്ടുപ്രതിയായ ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന വസീം റിസ്വിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തന്റെ നിരാഹാര സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ജിതേന്ദ്ര നാരായണിനെ മോചിപ്പിക്കാതെ തന്റെ മോചനം നിരര്‍ത്ഥകമാണെന്നും പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജിതേന്ദ്രയുടെ ജാമ്യാപേക്ഷ ഉത്തരാഖണ്ഡ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. 

രണ്ടു മാസം മുമ്പ് ഹരിദ്വാറില്‍ നടന്ന ഹിന്ദുമത സമ്മേളനത്തിലാണ് നര്‍സിംഗാനന്ദയും ഈയിടെ ഇസ്ലാം വിട്ട് ഹിന്ദു മതം സ്വീകരിച്ച ജിതേന്ദ്ര നാരായണനും കടുത്ത മുസ്ലിം വിദ്വേഷം പ്രസംഗിച്ചത്. പരസ്യമായ കൊലവിളി വിവാദമായതോടെ പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു.

Latest News