യു.പിയിലെ കോളജിലും  ഹിജാബ് നിരോധിച്ചു, കാവി ഷാളും പാടില്ല  

ലഖ്‌നൗ-അലിഗഢിലെ ഡിഎസ് കോളേജിലാണ് വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ച് കോളേജിലെത്തുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. മുഖം മറച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ കോളേജ് കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍  രാജ് കുമാര്‍ വര്‍മ പറഞ്ഞു. കാമ്പസില്‍ ഹിജാബും കാവി ഷാളും അനുവദിക്കില്ലെന്നും വ്യക്തമാക്കി. കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അനുമതി നിഷേധിക്കുന്നതിനെതിരേ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ അടുത്തിടെ പ്രതിഷേധ സമരം നടത്തിയിരുന്നു. കര്‍ണാടകയിലെ വിദ്യാര്‍ഥിനികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബുര്‍ഖയും ഹിജാബും ധരിച്ചായിരുന്നു ഇവിടെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചത്.കര്‍ണാടകയിലെ ഗഡാഗ്, ചിക്കമംഗളൂരു, ശിവമോഗ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലെ കോളേജുകളിലാണ് യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം നടക്കുകയാണ്.

Latest News