പൗരത്വ സമരക്കാരില്‍ നിന്ന് ഈടാക്കിയ പിഴ തിരിച്ചു നല്‍കണമെന്ന് യുപി സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ പൗരത്വഭേദഗതി നിയമത്തിനെതിരെ 2019ല്‍ പ്രതിഷേധ പ്രകടനം നടത്തിയവരില്‍ നിന്ന് ഈടാക്കിയ പിഴത്തുക തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് പ്രതിഷേധക്കാരില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ പിഴത്തുക ഈടാക്കിയത്. അതേസമയം പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് പണം ഈടാക്കാനായി 2020ല്‍ യുപി സര്‍ക്കാര്‍ കൊണ്ടു വന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ വീണ്ടും നടപടികള്‍ ആരംഭിക്കാനും നോട്ടീസ് നല്‍കാനും സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു. ഈ നിയമപ്രകാരം കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ തടവോ ഒരു ലക്ഷ രൂപയോ ആണ് ശിക്ഷ. 

2019ല്‍ 274 പേര്‍ക്കെതിരെ അയച്ച സ്വത്ത് കണ്ടുകെട്ടല്‍ നോട്ടീസുകള്‍ പിന്‍വലിച്ചതായി നേരത്തെ യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ തവണ വാദം കേള്‍ക്കവെ ഈ നോട്ടീസുകളെ ചൊല്ലി കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സമരം ചെയ്ത് പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം വരുന്നതിനു മുമ്പ് തന്നെ ഇത്തരം നോട്ടീസുകള്‍ അയച്ചതിനായിരുന്നു വിമര്‍ശനം. പൗരത്വ സമരക്കാരനെ നേരിടാനാണ് ഈ നിയമം 2020ല്‍ സര്‍ക്കാര്‍ കൊണ്ടു വന്നത്. 

സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായ ഒരു ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം സ്വത്ത്കണ്ടുകെട്ടല്‍ നോട്ടീസുകള്‍ അയച്ചതെന്ന് കാണിച്ച് പര്‍വാസിയ് ആരിഫ് ടിറ്റു സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചു വരുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം ഇല്ലെങ്കില്‍ ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ ഹൈക്കോടതിക്ക് ഒരു സംവിധാനം ഉണ്ടാക്കാം എന്നായിരുന്നു സുപ്രീം കോടതി തീര്‍പ്പ്. 

എന്നാല്‍ ഈ കേസില്‍ യുപി സര്‍ക്കാര്‍ തന്നെ പരാതിക്കാരന്റേയും വിധികര്‍ത്താവിന്റേയും പ്രോസിക്യൂട്ടറുടേയും വേഷത്തിലെത്തി പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഈ നോട്ടീസുകള്‍ ഏകപക്ഷീയമായിരുന്നു എന്നും ആരോപണമുണ്ട്. ആറു വര്‍ഷം മുമ്പ് മരണപ്പെട്ടവര്‍ക്കും 90 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വരെ പൊതുമുതല്‍ നശിപ്പിച്ചെന്ന് ആരോപിച്ച് നോട്ടീസ് ലഭിച്ചിരുന്നു.

Latest News