ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഓപറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പ് ആൻഡ്രോയിഡ് പി യുടെ ആദ്യ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കുമെന്ന് സൂചന. സ്മാർട്ട് ഫോണുകളെ കുറിച്ച് കമ്പനികൾ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തു വിടുന്ന പ്രശസ്ത ബ്ലോഗറും ഫോൺ ലീക്കറുമായി ഇവാൻ ബ്ലാസ് ആണ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് പകുതിയോടെ ഗൂഗിൾ ആൻഡ്രോയിഡ് പി അവതരിപ്പിക്കുമെന്നാണ് ഇവാൻ ബ്ലാസിന്റെ ട്വീറ്റ്. കഴിഞ്ഞ മാർച്ചിലാണ് ആൻഡ്രോയിഡ് ഒ പതിപ്പിന്റെ ആദ്യ ഡെവലപ്പർ പ്രിവ്യൂ ഗൂഗിൾ പുറത്തു വിട്ടത്. ആപ്പിൾ പുറത്തിറക്കാനിരിക്കുന്ന ഐഒഎസ് 12 ഓപറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കും വിധമുള്ള രൂപകൽപനയാവും പുതിയ ആൻഡ്രോയിഡ് പതിപ്പിലുണ്ടാവുക. ഇതുവഴി കൂടുതൽ ഐഫോൺ ഉപയോക്താക്കളെ ആൻഡ്രോയിഡിലേക്ക് ആകർഷിക്കാമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടൽ.
ഐഫോൺ ടെൻ മാതൃകയിലുള്ള ഡിസ്പ്ലേ അടക്കം വിവിധ ഡിസ്പ്ല ഡിസൈനുകളെ പിന്തുണയ്ക്കുന്ന ഓപറേറ്റിംഗ് സിസ്റ്റമായിരിക്കും ആൻഡ്രോയിഡ് പി. വ്യത്യസ്തങ്ങളായ ഡിസ്പ്ലേ ഡിസൈനുകളിൽ ഫോണുകൾ അവതരിപ്പിക്കാനുള്ള ശ്രമവും ഗൂഗിൾ നടത്തിവരികയാണ്. ഗൂഗിൾ അസിസ്റ്റന്റ് ഫീച്ചർ ആൻഡ്രോയിഡ് പിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഗൂഗിൾ നടത്തുന്നുണ്ട്. ഇതുവഴി മറ്റ് ആപ്ലിക്കേഷൻ ഡെവലപ്പർമാർക്കും ഗൂഗിൾ അസിസ്റ്റന്റ് സേവനത്തിന്റെ പ്രയോജനം ഉപയോഗപ്പെടുത്താൻ സാധിക്കും. ബാക്ക്ഗ്രൗണ്ട് ആപ്പുകൾ ഫോൺ ക്യാമറയും മൈക്രോഫോണും ഉപയോക്താവറിയാതെ പ്രയോജനപ്പെടുത്തുന്നത് തടയുന്നതിനും അടുത്ത അപ്ഡേറ്റിൽ ഗൂഗിൾ ശ്രമിക്കും.






