ന്യൂയോര്‍ക്ക്- തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന്ശേഷം താന്‍ പറ്റേണിറ്റി ലീവിലായിരിക്കുമെന്ന് ട്വിറ്റര്‍ സി.ഇ.ഒ.യും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാള്‍. കുഞ്ഞ് ജനിച്ചു കഴിഞ്ഞ് ഭാര്യ വിനീതയ്ക്കൊപ്പം ഏതാനും ആഴ്ച താന്‍ അവധിയിലായിരിക്കുമെന്ന് പരാഗ് തന്റെ സഹപ്രവര്‍ത്തകരെ അറിയിച്ചു.
കുഞ്ഞുജനിച്ചാല്‍ അമ്മക്ക് മറ്റേണിറ്റി അവധി നല്‍കുന്നുണ്ടെങ്കിലും അച്ഛന് പറ്റേണിറ്റി ലീവ് നല്‍കുന്നത് നമ്മുടെ നാട്ടില്‍ ഇന്നും പതിവുള്ള കാഴ്ചയല്ല. എന്നാല്‍, ക്രിക്കറ്റ് താരമായ വിരാട് കോലി, സിനിമാതാരം സെയ്ഫ് അലി ഖാന്‍ എന്നിവര്‍ ആഴ്ചകളോളം പറ്റേണിറ്റി ലീവ് എടുത്തത് വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. വന്‍കിട ടെക് കമ്പനികളായ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവ തങ്ങളുടെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്.
പരാഗിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പറ്റേണിറ്റി ലീവ് എടുക്കുന്നത് ഒരു സാധാരണസംഭവമാകണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
പരാഗിന്റെ നടപടി ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതായി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ പറഞ്ഞു. പരാഗ് പറ്റേണിറ്റി അവധിയെടുക്കുന്നതെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അവര്‍ പങ്കുവെച്ചു.