26 കാരനൊപ്പം ജീവനൊടുക്കിയത് മൂന്നു കുട്ടികളുടെ അമ്മ

തൃശൂര്‍- യുവാവും വീട്ടമ്മയും നഗരത്തിലെ ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒളരിക്കര മണിപറമ്പില്‍ റിജോ ജിമ്മി (26), കാര്യാട്ടുകര പുളിപറമ്പില്‍ സുനിലിന്റെ ഭാര്യ സംഗീത (26) എന്നിവരെയാണ് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഗീതയുടെ ഭര്‍ത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച റിജോ. സംഗീതയെയും റിജോയേയും കാണാനില്ലെന്ന് വെസ്റ്റ് സ്റ്റേഷനില്‍ സുനില്‍ പരാതി നല്‍കിയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിപ്പോള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു. സ്റ്റാന്‍ഡിന് സമീപത്ത് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ താമസിക്കുന്ന ലോഡ്ജ് കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. രാത്രി 11.30നുളള ട്രെയിനിന് പോകണമെന്നാണ് ഇവര്‍ ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്. രാത്രി 10.45ന് പോലീസ് എത്തി വാതില്‍ തള്ളിത്തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ ബെഡ് ഷീറ്റില്‍ ജനല്‍ കമ്പിയിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തു. വിഷം കഴിച്ച ശേഷമാണ് ഇവര്‍ തൂങ്ങിമരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

ഒളരി വില്ലേജ് ഓഫീസിന് മുന്നില്‍ റിജോ തട്ടുകട നടത്തുന്നുണ്ട്. സുനിലിനും തട്ടുകടയുണ്ട്. ഇരുവരും വീടുകളില്‍ കാറ്ററിംഗ് സര്‍വീസും നടത്തുന്നുണ്ട്. റിജോക്ക് ഒരു സഹോദരനുണ്ട്. ചെറുപ്പം മുതല്‍ തന്നെ റിജോയും സംഗീതയും പരിചയക്കാരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുനിലിനും സംഗീതക്കും 5, 3 വയസുളള ആണ്‍കുട്ടികളും ഒന്നരവയസ് പ്രായമുളള പെണ്‍കുട്ടിയുമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. തൃശൂര്‍ ഈസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Latest News