നവജാത ശിശുവിന്റെ മരണം; താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി യുവ ദമ്പതികള്‍

ജയസേനനും എസക്കിറാണിയും

ഇടുക്കി- വട്ടവടയിലെ ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ അടിമാലി താലൂക്ക് ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന പരാതിയുമായി ദമ്പതികളും ബന്ധുക്കളും. കഴിഞ്ഞ ഒമ്പതിനാണ് ജയസേനന്‍-എസക്കിറാണി ദമ്പതികളുടെ ജനിച്ചു രണ്ട് ദിവസമായ കുഞ്ഞു മരിച്ചത്.
പ്രസവത്തിനായി കഴിഞ്ഞ ഏഴാം തീയതി എത്തിയപ്പോള്‍ എസക്കിറാണി കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്ന് വീട്ടിലേക്ക് പറഞ്ഞു വിട്ടു. ഒന്‍പതാം തീയതി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി. രാവിലെ പത്തരക്ക് ആണ്‍കുഞ്ഞ് ജനിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ അന്നു തന്നെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടില്‍ ആശുപത്രി സീല്‍വയ്ക്കാതെ സൈന്‍ ചെയ്തു നല്‍കി മടക്കി അയച്ചു. 11ന് അതി രാവിലെ കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് വട്ടവടയിലെ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഡോക്ടറെ വിളിച്ചു പരിശോധന നടത്തി. അപ്പോള്‍ കുഞ്ഞിന് ചൂടുള്ളതായും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാനും നിര്‍ദേശിച്ചു. മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറുടെ പരിശോധനയില്‍ കുഞ്ഞു മരിച്ചതായി അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്നാറിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ദേവികുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുഞ്ഞു മരിക്കാന്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നും വട്ടവടയിലെ ഹെല്‍ത്ത് സെന്ററില്‍ അമ്മ എസക്കിറാണിക്ക് കൈയില്‍ കുത്തിവെച്ചിരുന്ന സൂചി പോലും മാറ്റാന്‍ തയ്യാറായില്ലെന്നും സ്വകാര്യ ക്ലിനിക്കില്‍ ആണ് സൂചി മാറ്റിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കോവിഡ് പോസിറ്റീവ് ആയതിനാല്‍ ചികിത്സ നിഷേധിച്ചതായി ഇവര്‍ പറയുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ക്കും മന്ത്രിക്കും പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു  
എന്നാല്‍ ഒരു തരത്തിലും ആശുപത്രിയില്‍ ചികിത്സ പിഴവ് ഇല്ല എന്നും കോവിഡ് പോസിറ്റീവ് ആയതിനാല്‍ ആശുപത്രിയില്‍ നിര്‍ത്താന്‍ കഴിയാത്തതിനാല്‍ ആവശ്യമായ ചികിത്സ നല്‍കിയാണ് പറഞ്ഞു വിട്ടതെന്നും താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നു.  ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാം എന്ന് പറഞ്ഞെങ്കിലും അതു കേള്‍ക്കാതെ വീട്ടിലേക്ക പോകുകയായിരുന്നെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സത്യബാബു പറഞ്ഞു
 

 

Latest News