തൃശൂര്‍ - പൂങ്കുന്നം എംഎല്‍എ റോഡിലെ കനാലില്‍ നാലു ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ജഡം സഞ്ചിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒന്നാംപ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വരടിയം സ്വദേശിനി മേഘയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ ഡിസംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം.
മേഘയ്ക്കു ചിറ്റാട്ടുകരയിലെ മാനുവലുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ഗര്‍ഭിണി ആവുകയും ഇക്കാര്യംമറച്ചുവച്ച് പ്രസവിച്ചപ്പോള്‍ കുഞ്ഞിനെ ബക്കറ്റിലിട്ട് വെള്ളം തുറന്നുവിട്ട് കൊലപ്പെടുത്തുകയുമായിരുന്നു . മൃതദേഹം ഒരു ദിവസം രഹസ്യമായി സൂക്ഷിച്ച് വിവരം മാനുവലിനെ അറിയിക്കുകയും ഇയാളുടെ സുഹൃത്ത് അമലും ചേര്‍ന്ന് മൃതദേഹം കനാലില്‍ തള്ളുകയായിരുന്നു.
ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് ജാമ്യം തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബുവിന്റെ വാദം സ്വീകരിച്ചാണു കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.






