ബെംഗളൂരു- ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം തുടരുന്ന കര്‍ണാടകയില്‍ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് മുസ്ലിം എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. ഹിജാബും മറ്റു മതവേഷങ്ങളും താല്‍ക്കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിദ്യാര്‍ഥിനികളെ ക്ലാസ് റൂമുകളില്‍ എത്തിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.
യൂണിഫോം നയം മൊത്തത്തില്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഇപ്പോള്‍ പല വിവാദങ്ങളാണ് ഉള്ളതെന്നും പുതിയ നയമുണ്ടാക്കാന്‍ ഹൈക്കോടതിയുടെ അന്തിമ വിധിവരെ കാത്തിരിക്കണമെന്നും മന്ത്രി നാഗേഷ് പറഞ്ഞു.
ഹിജാബ് വിലക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം കണക്കിലെടുത്ത് ഫെബ്രുവരി ഒമ്പതിന് അടച്ചിട്ട സ്‌കൂളുകളും കോളേജുകളും വീണ്ടും തുറന്നിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ബാധകമാണെന്ന് വ്യാഖ്യാനിച്ച് പല സ്ഥലങ്ങളിലും നടപ്പിലാക്കിയതിനെ തുടര്‍ന്ന് മുസ്്‌ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂളുകളിലെത്തുന്നില്ല.
മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഹിജാബടക്കം മതഹിഹ്നങ്ങളൊന്നും ധരിച്ച് ക്ലാസുകളില്‍ പ്രവേശിക്കരുതെന്നാണ് ഫെബ്രുവരി പത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
യൂണിഫോം നിലവിലുള്ള വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് ഹൈക്കോടതിയുടെ ഇടക്കാല വിലക്ക് ബാധകമെന്ന് കര്‍ണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.