സൈബർ ക്രിമിനലുകളെ സംരക്ഷിക്കുന്നില്ലെന്ന് റഷ്യ ആവർത്തിക്കുമ്പോഴും ഹാക്കർമാർ കൈക്കലാക്കുന്ന കോടികൾ പോകുന്നത് അങ്ങോട്ടു തന്നെയെന്ന് പുതിയ പഠനം
ആഗോള തലത്തിൽ സൈബർ കുറ്റവാളികൾ തട്ടിയെടുക്കുന്ന പണത്തിന്റെ ഭൂരിഭാഗവും പോകുന്നത് റഷ്യയിലേക്കാണെന്ന് പുതിയ വിശകലനം. കഴിഞ്ഞ വർഷം റാൻസംവേർ ആക്രമണത്തിലൂടെ കൈക്കലാക്കിയ തുകയുടെ 74 ശതമാനം റഷ്യയുമായി ബന്ധമുള്ള ഹാക്കർമാരിലേക്കാണ് എത്തിയതെന്ന് പഠനത്തിൽ പറയുന്നു.
ക്രിപ്റ്റോ കറൻസിയിൽ നൽകിയ 400 ദശലക്ഷം ഡോളറിലേറെ വരുന്ന തുക റഷ്യയുമായി ബന്ധമുള്ള സംഘങ്ങളിലേക്കാണ് പോയത്. അതേസമയം, സൈബർ ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നുവെന്ന ആരോപണം റഷ്യ ആവർത്തിച്ച് നിഷേധിച്ചു.
ക്രിപ്റ്റോ കറൻസിയുടെ മറവിൽ നടക്കുന്ന വൻതോതിലുളള പണം വെളുപ്പിക്കലും റഷ്യൻ ക്രിപ്റ്റോ കമ്പനികൾ വഴിയാണെന്നും ഗവേഷകർ പറയുന്നു. ഹാക്കർമാർ ഉപയോഗിക്കുന്ന ബ്ലോക്ക് ചെയിൻ റെക്കോർഡുകൾ പിന്തുടരാനും ഇടപാടുകൾ കണ്ടെത്താനും സാധിച്ചുവന്നാണ് ഗവേഷണം നടത്തിയ ചെയിനാലിസിസ് അവകാശപ്പെടുന്നത്. ഹാക്കിംഗ് ഗ്രൂപ്പ് റഷ്യക്കാരാണെന്ന് മനസ്സിലാക്കാൻ അവർ കാണിക്കുന്ന വിവിധ കാര്യങ്ങളിലൂടെ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
പല സൈബർ ക്രിമിനൽ ഗ്രൂപ്പുകളും റഷ്യയിലോ ചുറ്റുമുള്ള കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് (സി.ഐ.എസ്) രാജ്യങ്ങളിലോ ആണെന്ന് ഗവേഷകർ കണ്ടെത്തി. സൈബർ ക്രിമിനൽ സംഘങ്ങളുടെ നേതാക്കളിലേക്കുള്ള പണമൊഴുക്ക് മാത്രമാണ് കണ്ടെത്താനായത്. വലിയ സംഘങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾ എവിടെയൊക്കെ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടില്ല.
മറ്റുള്ളവരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഹാക്കിംഗ് ടൂളുകൾ വാടകക്കെടുക്കുന്നവരുമുണ്ട്. റഷ്യ കേന്ദ്രീകരിച്ച് ഹാക്കിംഗ് നടത്തുന്ന സംഘത്തെ അമേരിക്ക ഈവിൾ കോർപിൽ ഉൾപ്പെടുത്തിയിരുന്നു.
അയർലൻഡിലെ ആരോഗ്യ മേഖലയും അമേരിക്കയിലെ ഓയിൽ പൈപ്പ്ലൈൻ കമ്പനിയും ഹാക്കർമാർ ലക്ഷ്യമിട്ടതിനു പിന്നാലെ കഴിഞ്ഞ വർഷം റാൻസംവേർ ഹാക്കർമാരെ തടയുന്നതിന് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രമം നടന്നിരുന്നു. റുമേനിയ, ഉക്രൈൻ, സൗത്ത് കൊറിയ, കുവൈത്ത് എന്നിവിടങ്ങളിൽ ഹാക്കർമാർ അറസ്റ്റിലാകുകയും ചെയ്തു. റാൻസെംവേർ ക്രിമിനലുകളുടെ ഡിജിറ്റൽ വാലറ്റുകളിൽനിന്ന് ദശലക്ഷക്കണക്കിന് ഡോളർ തിരിച്ചുപിടിക്കാനും അമേരിക്കക്ക് സാധിച്ചു.
ഹാക്കർമാർക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്ന ആരോപണം റഷ്യ വർഷങ്ങളായി നിഷേധിച്ചു വരികയാണ്. സൈബർ ആക്രമണങ്ങളുടെ ഉറവിട രാജ്യങ്ങളിൽ റഷ്യയില്ലെന്നാണ് തന്റെ ഇന്റലിജൻസ് ഏജൻസി നൽകുന്ന വിവരമെന്നാണ് കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിൻ അവകാശപ്പെട്ടിരുന്നത്. അതേസമയം, അമേരിക്കയുടെ അഭ്യർഥന പ്രകാരം റെവിൾ എന്ന റാൻസംവേർ ഗ്രൂപ്പിനെ തകർത്തതായി കഴിഞ്ഞ മാസം റഷ്യൻ അധികൃതർ അറിയിച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ അമേരിക്കയും റഷ്യയും സഹകരിച്ച അപൂർവ സന്ദർഭമായിരുന്നു ഇത്.
അറിയപ്പെടുന്ന റാൻസംവേർ വരുമാനത്തിന്റെ 9.9 ശതമാനം റഷ്യയിലെ ഈവിൾ കോർപിലേക്കാണ് പോയതെന്ന് ചെയിനാലിസിസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ഗ്രൂപ്പിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യപിച്ചിരുന്നതാണ്. ഈവിൾ കോർപിന്റെ സ്ഥാപകനായ ഇഗോർ ടർഷേവ് നിരവധി ബിസിനസുകൾ നടത്തുന്നുണ്ടെന്ന് അന്വേഷണത്തിൽ പുറത്തു വന്നിരുന്നു.
മോസ്കോയിലെ പ്രശസ്തമായ ഫെഡറേഷൻ ടവറാണ് ഇഗോർ ടർഷേവിന്റെ ബിസിനസ് കേന്ദ്രം. ദശലക്ഷണക്കിന് ഡോളർ വാടകയിലാണ് ഇവിടെ പ്രശസ്ത സ്ഥാപനങ്ങൾ മുറികൾ വാടകക്കെടുക്കുന്നത്.
ടവർ ആസ്ഥാനമായുള്ള നിരവധി ക്രിപ്റ്റോ കറൻസി കമ്പനികളെ തങ്ങളുടെ അനധികൃത വരുമാനം വെളുപ്പിക്കുന്നതിന് ഹാക്കർമാർ ഉപയോഗിക്കുന്നതായും ചെയിനാലിസിസ് അവകാശപ്പെടുന്നു.






