കുരങ്ങുകളോട് ക്രൂരത ബ്രെയിൻ ചിപ് കമ്പനി വിവാദത്തിൽ

ഗുരുതരമായ ന്യൂറോ പ്രശ്‌നങ്ങളുള്ള രോഗികളെ സഹായിക്കാൻ തലച്ചോറുമായി ബന്ധിപ്പിക്കന്ന ചിപ്പുകൾക്ക് സാധിക്കുമെന്നാണ് ന്യൂറാലിങ്ക് അവകാശപ്പെടുന്നത്

മനുഷ്യരുടെ തലച്ചോറിനെ കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കാനുള്ള ഉപകരണം വികസിപ്പിക്കുന്ന അമേരിക്കയിലെ ന്യൂറാലിങ്ക് സ്ഥാപനം വിവിദത്തിൽ. ടെസ്‌ല മേധാവി എലോൺ മസ്‌ക് സ്ഥാപിച്ച കമ്പനിയാണ് ന്യൂറാ ലിങ്ക്. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നുവെന്നാണ് ന്യൂറാലിങ്കിനെതിരെ ഉയർന്ന ആരോപണം. 
സ്ഥാപനം വികസിപ്പിച്ച സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിന് സിംഹവാലൻ കുരങ്ങുകളെ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് പരാതി. യു.എസ് കാർഷിക വകുപ്പിൽ പരാതി എത്തിയതിനെ തുടർന്ന് നിഷേധിച്ചുകൊണ്ട് ന്യൂറാലിങ്ക് രംഗത്തു വന്നു.
പരമാവധി ധാർമികത പാലിച്ചുകൊണ്ടാണ് മൃഗങ്ങളോട് ഇടപെടുന്നതെന്ന് ബ്ലോഗ് പോസ്റ്റിൽ ന്യൂറാലിങ്ക് അവകാശപ്പെട്ടു. വർഷാവസാനത്തോടെ തങ്ങൾ വികസിപ്പിച്ച ഉപകരണം മനുഷ്യരിൽ പരീക്ഷിക്കാൻ സാധിക്കുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു. 


മനുഷ്യരുടെ സൗകര്യം മാത്രമല്ല കമ്പനി കണക്കിലെടുക്കുന്നതെന്നും മൃഗക്ഷേമത്തിനും തുല്യ പ്രധാന്യമാണ് നൽകുന്നതെന്നും വിമർശനങ്ങൾക്ക് മറുപടിയായി ന്യൂറാലിങ്ക് വെളിപ്പെടുത്തി. 
ഗവേഷണത്തിന്റെ തുടക്കത്തിൽ ന്യൂറാലിങ്കുമായി കാലിഫോർണിയ യൂനിവേഴ്‌സിറ്റിയുടെ ഭാഗമായ ഡേവിസ് നാഷണൽ പ്രൈമെറ്റ് റിസർച്ച് സെന്റർ പങ്കാളിത്തം വഹിച്ചിരുന്നു. 2009 ൽ  ന്യൂറാലിങ്ക് കുരങ്ങുകളെ പാർപ്പിക്കാൻ സ്വന്തം കേന്ദ്രം തുടങ്ങിയത്  മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താനാണെന്നും കമ്പനി അവകാശപ്പെടുന്നു.


റെസ്‌പോൺസിബിൾ മെഡിസിനായുള്ള ഫിസിഷ്യൻസ് കമ്മിറ്റിയാണ് യു.എസ് കാർഷിക വകുപ്പിൽ പരാതി നൽകിയത്. 23 കുരങ്ങുകളിൽ മാരകമായ തലച്ചോർ ഗവേഷണം നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. കുരങ്ങുകളുടെ തലയോട്ടി പൊളിച്ച് തലച്ചോറുകളിൽ ഇലക്ട്രോഡുകൾ സ്ഥാപിക്കുകയാണ് ചെയ്തത്. 
സിംഹവാലൻ കുരങ്ങുകളെ തനിച്ച് കൂട്ടിലടച്ചും മയക്കിയുമാണ് പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ലഭ്യമായ 600 പേജ് രേഖകൾ പരിശോധിച്ചതിൽനിന്നാണ് ഞെട്ടിക്കുന്ന ക്രൂരതകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നും ഫിസിഷ്യൻസ് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. കുരങ്ങുകളുടെ ഫോട്ടോകളും വീഡിയോകളും പുറത്തു വിടണമെന്ന് ഗവേഷണത്തിൽ സഹകരിച്ച കാലിഫോർണിയ യൂനിവേഴ്‌സിറ്റി ഡേവിസ് റിസർച്ച് സെന്ററിനോട് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കയാണ്. ഇതിനായി രണ്ടാമത്തെ നിയമ നടപടിയും ആരംഭിച്ചിട്ടുണ്ട്. 
ഹിസ്‌റ്റോളജിക്കൽ ഡാറ്റ ശേഖരിക്കുന്നതിനായി മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരമാണ് രണ്ട് കുരങ്ങുകളെ കൊന്നതെന്നും യു.സി ഡേവിസ് വെറ്ററിനറി സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആറ് കുരങ്ങുകളുടെ ദയാവധം നടത്തിയതെന്നും ന്യൂറാലിങ്ക് വിശദീകരിക്കുന്നു. 
2016 ലാണ് ന്യൂറാലിങ്ക് സ്ഥാപിച്ചത്. എലോൺ മസ്‌കിന്റെ സാമ്പത്തിക പിൻബലത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം ന്യൂറോൺ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന ത്രെഡുകളാണ് വികസിപ്പിക്കുന്നത്. മനുഷ്യന്റെ തലമുടിയേക്കാൾ നേർത്ത നൂലുകളാണ് ലക്ഷ്യം. ഗവേഷണം വിജയിച്ചാൽ ഉപകരണം ഗുരുതരമായ ന്യൂറോ പ്രശ്‌നങ്ങളുള്ള രോഗികളെ സഹായിക്കാൻ ഉപയോഗിക്കാൻ സാധിക്കും. ഒരു കുരങ്ങിന്റെയും ഒരു പന്നിയുടെയും തലച്ചോറുകളിൽ സ്ഥാപനം ഇതുവരെ മൈക്രോ ചിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. 

Latest News