Sorry, you need to enable JavaScript to visit this website.

നെഹ്‌റുവിന്റെ ഇന്ത്യ മാറി; രാഷ്ട്രീയത്തിന്റെ രൂപം മാറുന്നതോടെ രാജ്യം പിന്നോട്ടടിക്കുന്നു: സിംഗപൂര്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

സിംഗപൂര്‍- സിംഗപൂരില്‍ ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതു സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ലീ സ്യെന്‍ ലൂംഗ് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയേയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും പരാമര്‍ശിച്ചു. മിക്ക രാജ്യങ്ങളും സ്ഥാപിതമായതും തുടങ്ങിയതും ഉന്നതമായ ആദര്‍ശങ്ങളേയും ഉദാത്തമായ മൂല്യങ്ങളേയും അടിസ്ഥാനമാക്കിയാണ്. എന്നാല്‍ സ്ഥാപക നേതാക്കന്മാര്‍ക്കും അവരുടെ തലമുറയ്ക്കും ശേഷം കാലം മുന്നോട്ടു പോകുമ്പോള്‍ കാര്യങ്ങള്‍ മാറുന്നുവെന്നും ലൂംഗ് പറഞ്ഞു. 

'സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയും അത് നേടുകയും ചെയ്ത നേതാക്കള്‍ അപാര ധീരതയും സംസ്‌കാര സമ്പന്നതയും മികവുറ്റ കഴിവുകളുമുള്ള വേറിട്ട വ്യക്തിത്വങ്ങളാണ്. അഗ്നിസ്ഫുടം ചെയ്‌തെടുക്കപ്പെട്ട അവര്‍ ജനങ്ങളുടേയും രാജ്യത്തിന്റേയും നേതാക്കളായാണ് ഉയര്‍ന്നു വന്നത്. അവരാണ് ഡേവിഡ് ബെന്‍ ഗുരിയന്‍മാരും ജവഹര്‍ലാല്‍ നെഹ്‌റുമാരും'- പ്രധാനമന്ത്രി ലൂംഗ് പറഞ്ഞു.

അന്തസ്സാര്‍ന്ന വ്യക്തിത്വമുള്ള അവര്‍ പുതിയ ലോകം കെട്ടിപ്പടുക്കുന്നതിന് പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി പുതിയ ഭാവി രൂപപ്പെടുത്തുകയും ചെയ്തവരാണെന്നും ലൂംഗ് പറഞ്ഞു. 

'രാഷ്ട്രീയത്തിന്റെ രൂപം മാറുന്നതോടെ രാഷ്ട്രീയ നേതാക്കളോടുള്ള ബഹുമാനവും കുറയുന്നു. ഒരു പരിധിക്കു ശേഷം ഇതാണു രീതിയെന്നും ഇതിലും മികച്ചത് പ്രതീക്ഷിക്കാന്‍ വകുപ്പില്ലെന്നും  വോട്ടര്‍മാരും ചിന്തിക്കുന്നു. അതോടെ നിലവാരം താഴുകയും വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. രാജ്യവും പിന്നോട്ടടിക്കുന്നു.' 

'പല രാഷ്ട്രീയ സംവിധാനങ്ങളും ഇന്ന് അവയുടെ സ്ഥാപക നേതാക്കളുടേതാണന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലേക്ക് മാറിയിരിക്കുന്നു. ബെന്‍ ഗുരിയന്റെ ഇസ്രായില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ടും ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു. മുതിര്‍ന്ന ഇസ്രായിലി നേതാക്കളും ഉന്നതരും ക്രിമിനല്‍ കേസിലുള്‍പ്പെടുകയും ജയിലിലാകുകയും ചെയ്തിരിക്കുന്നു. നെഹ്‌റുവിന്റെ ഇന്ത്യയിലാണെങ്കില്‍ ലോക്‌സഭയിലെ പകുതിയോളം എംപിമാരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണെന്ന് മാധ്യമ റിപോര്‍ട്ടുകള്‍ പറയുന്നു. ഇവയില്‍ പലതും രാഷ്ട്രീയ പ്രേരിത കേസുകളാണെന്നും പറയപ്പെടുന്നുണ്ട്'- ലൂംഗ് പറഞ്ഞു.

Latest News