റിയാദ് - പൊതുമാപ്പ് അവസാനിച്ചതോടെ ശിക്ഷാ നടപടികൾ ഭയന്ന് നിരവധി ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടി വിദേശികൾ രക്ഷപ്പെട്ടു. സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവർത്തിക്കുന്ന ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടുണ്ട്. പൊതുമാപ്പ് അവസാനിച്ചതോടെ ബന്ധപ്പെട്ട വകുപ്പുകൾ റെയ്ഡുകൾ നടത്തിയേക്കുമെന്നും ഭീമമായ പിഴയും തടവു ശിക്ഷയും നേരിടേണ്ടിവരുമെന്നും ഭയന്നാണ് വിദേശികൾ ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.
ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തി നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ഇരുപതു സർക്കാർ വകുപ്പുകൾ പരസ്പരം സഹകരിച്ച് റെയ്ഡുകൾ നടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമ ലംഘകർക്കെതിരെ അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി കഴിഞ്ഞ ദിവസം പറഞ്ഞു.
അതേസമയം, പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതിനു മുമ്പായി പദവി ശരിയാക്കൽ അപേക്ഷകൾ സമർപ്പിക്കുകയും അപേക്ഷകൾ അംഗീകരിച്ചതായി അറിയിക്കുകയും ചെയ്ത കേസുകളിൽ പദവി ശരിയാക്കൽ നടപടികൾ പൂർത്തിയാക്കാൻ നിയമ ലംഘകർക്ക് 90 ദിവസത്തെ സാവകാശം നൽകുന്നുണ്ടെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വ്യക്തമാക്കി.
വർക്ക് ഷോപ്പുകൾ, ചില്ലറ വ്യാപാരം, സ്‌പെയർ പാർട്‌സ്, പച്ചക്കറി കടകൾ എന്നീ മേഖലകളിലാണ് ബിനാമി ബിസിനസ് പ്രവണത കൂടുതലെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിലെ കോൺട്രാക്ടിംഗ് കമ്മിറ്റി അംഗവും അൽഹസ ചേംബർ ഓഫ് കൊമേഴ്‌സ് കോൺട്രാക്ടിംഗ് കമ്മിറ്റി പ്രസിഡന്റുമായ അലി ബൂഖംസീൻ പറഞ്ഞു.