Sorry, you need to enable JavaScript to visit this website.

ഹമാസ് രാഷ്ട്രീയ വിഭാഗത്തെയും ഓസ്‌ട്രേലിയ ഭീകര സംഘടനകളില്‍ ചേര്‍ക്കുന്നു

കാന്‍ബെറ- യു.എസ് ആസ്ഥാനമായുള്ള വലതുപക്ഷ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ സോഷ്യലിസ്റ്റ് ഓര്‍ഡറിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഓസ്‌ട്രേലിയ അറിയിച്ചു. കുട്ടികളെ തീവ്രവാദികളാക്കുന്നുവെന്ന ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിനെ മുഴുവനായും നിയമവിരുദ്ധ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അധികതര്‍ അറിയിച്ചു
ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളായ ഹയാത്ത് തഹ്രീര്‍ അല്‍ ശാം, ഹുറാസദ്ദീന്‍ എന്നിവയ്ക്കൊപ്പമാണ് നേരത്തെ ആറ്റംവാഫെന്‍ ഡിവിഷന്‍ എന്നറിയപ്പെട്ടിരുന്ന നാഷണല്‍ സോഷ്യലിസ്റ്റ് ഓര്‍ഡറിനെ ഭീകര പട്ടികയില്‍ ചേര്‍ത്തതെന്ന്  ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് 2003 മുതല്‍ തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ്.
ആഗോള വംശീയ യുദ്ധത്തിനും ജനാധിപത്യ സമൂഹങ്ങളുടെ തകര്‍ച്ചയ്ക്കും വാദിക്കുന്ന നാഷണല്‍ സോഷ്യലിസ്റ്റ് ഓര്‍ഡറിനെ കൂടി ചേര്‍ത്തതോടെ പട്ടികയിലെ നിയമവിരുദ്ധമായ ഗ്രൂപ്പുകളുടെ എണ്ണം 28 ആയി. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ സജീവമായ രണ്ട് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെയാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്.  
ഹമാസിനെ മുഴുവനായും പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അന്തിമ നടപടി സ്വീകരിക്കാന്‍  സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ക്ക്  സര്‍ക്കാരുകള്‍ക്ക് ആഭ്യന്തര മന്ത്രി കത്തെഴുതി. ഹമാസിന്റെയും അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകളുടെയും വീക്ഷണങ്ങള്‍  അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും അത്തരം വീക്ഷണങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ സ്ഥാനമില്ലെന്നും  ആന്‍ഡ്രൂസ് പറഞ്ഞു.
രാജ്യത്തെ നിയമങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും തീവ്രവാദികളെയും മാത്രമല്ല, ഈ പ്രവൃത്തികള്‍ ആസൂത്രണം ചെയ്യുകയും ധനസഹായം നല്‍കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സംഘടനകളെയും ലക്ഷ്യമിടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ തീവ്ര വലതുപക്ഷ ഗ്രൂപ്പാണ് നാഷണല്‍ സോഷ്യലിസ്റ്റ് ഓര്‍ഡര്‍.
2018-ല്‍ അമേരിക്കയില്‍ രൂപീകരിച്ച നവ നാസി വെള്ള മേധാവിത്ത  ഗ്രൂപ്പായ ബേസിനെ നേരത്തെ ഭീകര സംഘടനകളുട പട്ടികയില്‍ പെടുത്തിയിരുന്നു.
ഓസ്ട്രേലിയയിലെ കോവിഡ് നിയന്ത്രണങ്ങള്‍ ആളുകളെ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കാന്‍ പ്രേരിപ്പിച്ചുവെന്നും ഇത് തീവ്രവാദത്തില്‍ എത്തിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചുവെന്നും രാജ്യത്തിന്റെ പ്രധാന ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ മൈക്ക് ബര്‍ഗെസ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
പ്രായപൂര്‍ത്തിയാകാത്തവരെ ഉള്‍പ്പെടുത്തിയുള്ള പുതിയ തീവ്രവാദ വിരുദ്ധ അന്വേഷണങ്ങളുടെ അനുപാതം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്ന് ശതമാനത്തില്‍ല്‍ നിന്ന് 15 ശതമാനമായി വര്‍ധിച്ചുവെന്നും  ബര്‍ഗെസ് തന്റെ വാര്‍ഷിക  വിലയിരുത്തലില്‍ പറഞ്ഞു.

 

 

Latest News