കോട്ടയം- സിനിമ-സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലുമണിയോടെ മരിച്ചു. എൽ.ഐ.സി ജീവനക്കാരനായ പ്രദീപ് ഐ.വി ശശിയുടെ ഈ നാട്, ഇന്നലെ വരെ എന്ന സിനിമയിലൂടെയാണ് അഭിനയ ലോകത്തെത്തിയത്. തുടർന്ന് എഴുപതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. തമിഴ്, ഹിന്ദി സിനിമകളിലും വേഷമിട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ പോലീസ് കോൺസ്റ്റബിൾ വേഷവും ഏറെ ശ്രദ്ധ നേടി. ആമേൻ, ഒരു വടക്കൻ സെൽഫി, സെവൻത് ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, ആട് ഒരു ഭീകര ജീവിയാണ്, അഞ്ചു സുന്ദരികൾ, ജമ്‌നപ്യാരി, ഉട്ട്യോപയിലെരാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. രാജാ റാണി, നൻപനട എന്നിവയാണ് തമിഴ് ചിത്രങ്ങൾ. ഈ മാസം 18ന് റിലീസ് ചെയ്യുന്ന ആറാട്ടിലാണ് അവസാനമായി അഭിനയിച്ചത്. ഭാര്യ മായ, മക്കൾ: വിഷ്ണു, വൃന്ദ.






