ഹൈദരാബാദ്- ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ തെലങ്കാനയില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ ടി. രാജ സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. രാജ സിംഗ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
യു.പിയിലെ രണ്ടാം ഘട്ട പോളിംഗില്‍ ചില പ്രദേശങ്ങളില്‍ വന്‍പോളിംഗ് ഉണ്ടായതില്‍ ഹൈദരാബാദിലെ ഗോശമഹലില്‍നിന്നുള്ള എം.എല്‍.എ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
രണ്ടാംഘട്ടത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശത്രുക്കള്‍ കൂട്ടം കൂട്ടമായി വോട്ട് ചെയ്യാനെത്തിയെന്നാണ് രാജ സിംഗ് കരുതുന്നത്. ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളില്‍ ഇക്കാര്യം മനസ്സിലാക്കി ഹിന്ദു സഹോദരീ സഹോദരന്മാര്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് തോന്നാത്തവരോട് പറയാനുള്ളത് യോഗി ജീ ആയിരക്കണക്കിന് ജെസിബികളും ബുള്‍ഡോസറുകളും വിളിച്ചിട്ടുണ്ടെന്നാണ്. ഇവ ഉത്തര്‍പ്രദേശിലേക്ക് വന്നുകൊണ്ടിരിക്കയാണ്. വോട്ടെടുപ്പുകള്‍ക്ക് ശേഷം യോഗി ജിയെ പിന്തുണക്കാത്തവരെ കണ്ടെത്തും. ബുള്‍ഡോസറുകളും ജെ.സി.ബികളും എന്തിനാണ് ഉപയോഗിക്കുകയെന്ന് പറയേണ്ടതില്ലല്ലോ.. വൈറലായ വീഡിയോയില്‍ എം.എല്‍.എ പറയുന്നു.






