ഗാസിയാബാദ്- കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രതിഷേധിച്ച സ്ത്രീകളെ പോലീസ് മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഖോഡ കോളനിയില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.
സ്ത്രീകളെ പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സമരക്കാരാണ് തങ്ങളെ ആദ്യം മര്‍ദിച്ചതെന്ന വിശദീകരണവുമായി പോലീസ് രംഗത്തുവന്നു.
ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഒരുകൂട്ടം സ്ത്രീകള്‍ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ചത്. ഇവരെ പോലീസ് പിന്നീട് പിരിച്ചുവിട്ടു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും കേസെടുക്കുകയും ചെയ്തു.
പ്രതിഷേധിക്കുന്ന പത്തിരുപത് സത്രീകളുടെ അടുത്തേക്ക് പുരുഷ, വനിതാ പോലീസുകാര്‍ പോകുന്നതാണ് വീഡിയോ. പോലീസുകാര്‍ ലാത്തിച്ചാര്‍ജ് നടത്തിയതിനുപുറമെ, സ്ത്രീകളുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രതിഷേധക്കാരിലൊരാളുടെ ഹിജാബ് പോലീസുകാരി അഴിച്ചുമാറ്റുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അനുമതിയില്ലാതെ ആയിരുന്നു പ്രകടനമെന്നും പ്രതിഷേധക്കാരാണ് ആദ്യം പോലീസിനെ ആക്രമിച്ചതെന്നും ദൃശ്യങ്ങള്‍ വിവാദമായതോടെ പോലീസ് വിശദീകരിച്ചു.