തിരുച്ചിറപ്പള്ളി- ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ട്രാഫിക് പോലീസ് പിന്തുടര്‍ന്ന് ബൈക്ക് ചവിട്ടി വീഴ്ത്തിയുണ്ടാക്കിയ അപകടത്തില്‍ ഗര്‍ഭിണിയായ യുവതി മരിച്ചു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത തുവാകുടിയിലാണ് ദാരുണ സംഭവം. പോലീസ് കൈകാണിച്ചതിനെ തുടര്‍ന്ന് നിര്‍ത്താതെ പോയ ബൈക്കിനെ ട്രാഫിക് ഇന്‍സ്പെക്ടര്‍ കാമരാജ് മറ്റൊരു ബൈക്കില്‍ പിന്തുരുകയായിരുന്നു. അടുത്തെത്തിയപ്പോള്‍ കാമരാജ് ഉഷയും ഭര്‍ത്താവ് രാജയും യാത്ര ചെയ്ത ബൈക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. ബൈക്ക് മറിഞ്ഞു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 30-കാരിയായ ഉഷ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. രാജയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇതോടെ ട്രാഫിക് ഇന്‍സ്പെക്ടര്‍ കാമരാജ് സ്ഥലം വിടുകയായിരുന്നു.

സമീപവാസികള്‍ ഓടിയെത്തി ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഉഷ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. മൂവ്വായിരത്തോളം ആളുകള്‍ ചേര്‍ന്ന് തഞ്ചാവൂര്‍-തിരുച്ചിറപ്പള്ളി ഹൈവെ മണിക്കൂറുകളോളം ഉപരോധിച്ചു. പോലീസെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപടത്തിനു കാരണക്കാരനായ ട്രോഫിക് പോലീസ് ഇന്‍സ്പെക്ടര്‍ കാമരാജിനെ അറസ്റ്റ് ചെയതിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ജനം പിരിഞ്ഞു പോകാന്‍ തയാറായില്ല.
സംഭവത്തിനു തൊട്ടുപിറകെ പരിക്കേറ്റെന്ന അവകാശപ്പെട്ട് കാമരാജും ആശുപത്രിയില്‍ അഡമിറ്റ് ആയിരുന്നു. ഇവിടെ വെച്ചാണ് ജില്ലാ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.







