ബെംഗളൂരു- ട്രാഫിക് സിഗ്‌നലുകളില്‍ നിന്ന് ബാറ്ററി മോഷണം പതിവാക്കിയ ദമ്പതിമാര്‍ പിടിയില്‍. എസ് സിക്കന്ദര്‍ (30), ഭാര്യ നസ്മ സിക്കന്ദര്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു നഗരത്തിന്റെ വിവിധയിടങ്ങളിലെ ട്രാഫിക് സിഗ്‌നലുകളില്‍ നിന്ന് നിരന്തരം ബാറ്ററി മോഷണം പോകുന്നത് പോലീസിന് തലവേദനയായിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മോഷണം പതിവാക്കിയ ദമ്പതിമാരെ കണ്ടെത്തിയത്.
എട്ട് മാസത്തിനിടെ 68 ട്രാഫിക് ജംഗ്ഷനുകളില്‍നിന്ന് 230 ബാറ്ററികളാണ് ഇവര്‍ മോഷ്ടിച്ചത്. 18 കിലോ ഭാരമുള്ളതാണ് ഓരോ ബാറ്ററിയും. 2021 ജൂണ്‍ മുതല്‍ 2022 ജനുവരി മാസത്തിനിടെയാണ് ദമ്പതിമാര്‍ ഇത്രയും മോഷണങ്ങള്‍ നടത്തിയത്. പുലര്‍ച്ചെ ട്രാഫിക് ജംഗ്ഷനില്‍ ഇരു ചക്ര വാഹനത്തിലെത്തി ബാറ്ററികള്‍ മോഷ്ടിക്കുകയാണ് രീതിയെന്ന് പോലീസ് പറഞ്ഞു. ഈ ബാറ്ററികള്‍ പിന്നീട് വില്‍പന നടത്തും. കിലോക്ക് 100 രൂപ തോതിലാണ് ബാറ്ററി വില്‍പന നടത്തിയിരുന്നത്. പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലുള്ള സമയത്താണ് ഇവര്‍ ഇരചക്ര വാഹനത്തില്‍ മോഷണത്തിന് ഇറങ്ങാറുള്ളത്. ക്യാമറയില്‍ വണ്ടിയുടെ നമ്പര്‍ പതിയാതിരിക്കാന്‍ ലൈറ്റ് ഓഫ് ചെയ്തായിരുന്നു മോഷണം.
നഗരത്തിലെ ജംഗ്ഷനുകളില്‍നിന്ന് ട്രാഫിക് സിഗ്‌നല്‍ തകരാറിലാകുന്നതായി ലഭിച്ച പരാതികളുടെ പരിശോധനയില്‍ ഇവിടെങ്ങളിലെല്ലാം ബാറ്ററി കാണാതായതായി കണ്ടെത്തി. തുടര്‍ന്ന് 300 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയില്‍ ഒരു സ്ത്രീയും പുരുഷനും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നത് കണ്ടെത്തി. സംശയം തോന്നിയ 4000 സ്‌കൂട്ടറുകള്‍ പരിശോധിച്ചു. ഇത്തരം വണ്ടികളുള്ള 350 പേരെ ചോദ്യവും ചെയ്തിനു പിന്നാലെയാണ് ദമ്പതിമാരെ അറസ്റ്റ് ചെയ്തത്.